കണ്ണൂര്‍: ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നുവെന്ന പേരില്‍ കേരളത്തിലുടനീളം ചില തട്ടിപ്പ് സംഘം കേശ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി ആക്ഷേപം. ഇത്തരം വ്യാജസംഘങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഒറപ്പടി കലാകൂട്ടായ്‌മ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കി. അര്‍ബുദരോഗികളായ സ്ത്രീകള്‍ക്ക് വിഗ് നിര്‍മിക്കുന്നതിന് വേണ്ടിയെന്ന പേരില്‍ കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണ് കേശദാനക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളെ ഇതിന് കരുവാക്കുന്നതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ ക്യാമ്പിലും ഇരുപത് മുതല്‍ നൂറിലധികം പേരുടെ മുടിവരെ ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് വിഗ് നിര്‍മിക്കുന്നതിന് ചുരുങ്ങിയത് 12 ഇഞ്ച് നീളത്തിലെങ്കിലും മുടിവേണം. എന്നാല്‍ ഇത്തരം കേമ്പുകളില്‍ ആറ് ഇഞ്ച് മുടിയാണ് ശേഖരിക്കുന്നതായി കാണുന്നത്. ഈ മുടി ഹെയര്‍ ഫിക്‌സിങ്ങ് മേഖലയിലേക്കാണ് പേകുന്നതെന്നാണ് സംശയിക്കുന്നത്. കോടികള്‍ മറിയുന്ന ബിസിനസ്സാണ് മുടിയുടെ വ്യാപാരമേഖല. മാര്‍ക്കറ്റില്‍ 15,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് സ്ത്രീകള്‍ക്കുള്ള ഒരു വിഗ്ഗിന് വില. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു വിദ്യാലത്തില്‍ നടത്തിയ കേശദാനക്യാമ്പില്‍ തൃശ്ശൂര്‍ അമലാആശുപത്രിക്ക് മുടി സംഭാവന ചെയ്യുന്നുവെന്നാണ് സംഘാടകര്‍ അറിയിച്ചത്. അമല ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലൊരു ക്യാമ്പ് നടത്താന്‍ കേരളത്തില്‍ ഒരു സംഘടനയെയും ചുമതലപ്പെട്ടുത്തിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയത്. മലബാര്‍ മേഖലയില്‍ പല പേരുകളിലും ഇവര്‍ തന്നെയാണ് മിക്ക ക്യാമ്പുകളും സംഘടിപ്പിക്കുന്നതെന്ന സംശയമുണ്ട്. ഈ രംഗത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന പല സന്നദ്ധ സംഘടനകള്‍ക്കും ഇത്തരം തട്ടിപ്പുകള്‍ വലിയ പ്രയാസം സൃഷ്ടിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതുവരെയായി ഒറപ്പടി കലാകൂട്ടായ്‌മ നാല്‍പതിലധികം നിര്‍ധനരായ അര്‍ബുദരോഗികളായ സ്ത്രീകള്‍ക്ക് സൗജന്യമായി വിഗ് നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കെ.വി.സിന്ധു, മോഹനന്‍ കാരക്കീല്‍, അജേഷ് ക്യുബെന്‍സ്, നിധീഷ് കയരളം, ജിജൂ ഒറപടി എന്നിവര്‍ പങ്കെടുത്തു.
















