ബെംഗളൂരു: കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേല്‍ രാജിവച്ചു. അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം തനിക്ക് നിഷേധിക്കുന്നുവെന്നാരോപിച്ചാണ് രാജി. ഹൈക്കോടതി ചീഫ് ജസ്റ്റിസാകാന്‍ തനിക്ക് യോഗ്യതയുണ്ടെന്നും എന്നാല്‍ സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നുമാണ് പട്ടേല്‍ പറയുന്നത്.
ഗുജറാത്ത് സ്വദേശിയാണ്. 2001ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2004 ആഗസ്തില്‍ സ്ഥിരം ജഡ്ജിയായി. 2015ല്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി. 2016ല്‍ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിയായി.
ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് പട്ടേലാണ് ഉത്തരവിട്ടതെന്നും അതിനാല്‍ രാഷ്‌ട്രീയമായി പക തീര്‍ക്കുകയാണെന്നുമാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ കണ്ടെത്തല്‍.
എന്നാല്‍ സുപീംകോടതി ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ഉള്‍പ്പെട്ട കൊളീജിയമാണ് ജഡ്ജിമാരെ നിയമിക്കുന്നതും സ്ഥാനക്കയറ്റം നല്‍കുന്നതും. കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയാണ് ചെയ്തു വരുന്നത്.
എന്നാല്‍ ഇക്കാര്യം അവഗണിച്ചാണ് രാജിക്കാരണവും കേന്ദ്രത്തിന്റെ തലയില്‍ വെച്ചുകെട്ടാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പട്ടേലിന് അനുകൂലമായി നീതിന്യായ രംഗത്തു നിന്നുപോലും അധികം പേര്‍ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
















