വിതുര: ബോണക്കാട് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഒരു വിഭാഗത്തിന്റെ ഗൂഢശ്രമം.
കറിച്ചട്ടിമലയിലെ അനധികൃത കുരിശ് നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ പൊതുപ്രവര്‍ത്തകര്‍ക്കെതിരേ വര്‍ഗീയ വിഷം ചീറ്റുന്ന പോസ്റ്ററുകള്‍ പ്രചരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലാണ് ആദ്യം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും അന്നെ ദിവസം ഇരുട്ടി വെളുത്തപ്പോഴെക്കും കവലകളില്‍ ഫ്‌ളക്‌സുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. നവ മാധ്യമങ്ങളില്‍ കൂടിയും അല്ലാതേയും വിതുരയിലെ പൊതു പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി ഉള്‍പ്പെടെഉള്ള പോലീസ്അധികാരികള്‍ക്ക് പരാതി നല്‍കി.
അനധികൃത കൈയേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ പത്ര പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിക്കാന്‍ പൊതുപ്രവര്‍ത്തകരും ഏപ്രില്‍ 22ന് ബോണക്കാട് കറിച്ചട്ടി മലയില്‍ പോയിരുന്നു. തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറും അനധികൃത കൈയേറ്റ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ലോക ഭൗമ ദിനത്തിന്റെ സന്ദേശം പകരുന്നതിന്റെ ഭാഗമായി ഫേയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങള്‍ അവരുടെ അനുമതി ഇല്ലാതെ ഡൗണ്‍ലോഡ് ചെയ്ത് വിതുരയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ദുഷ്ടലാക്കോടെ എഡിറ്റ് ചെയ്ത് വര്‍ഗ്ഗീയ വാദികള്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന്റെ മാതൃഅക്കൗണ്ട് വിതുര കെപിഎസ്എം സ്വദേശി പ്രിന്‍സ് മോഹന്റെതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
22ന് വൈകുന്നേരം 5.22 നാണ് പ്രിന്‍സ് മോഹന്‍ എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തത്. തുടര്‍ന്ന് അന്ന് രാത്രിയോട് കൂടി വിതുര പ്രദേശങ്ങളില്‍ ഫേസ്ബുക്ക് പോസ്റ്റിന് സമാനമായി ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. സമൂഹത്തില്‍ വര്‍ഗ്ഗീയ ലഹളക്ക് കോപ്പുകൂട്ടുവാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്ന് പരാതിയില്‍ പറയുന്നു. പൊതു പ്രവര്‍ത്തകരായ സി.വി. അനില്‍, വിതുര ഗോപീകൃഷ്ണന്‍, തള്ളച്ചിറ ഗിരി, എ. ശ്രീജിത്ത് എന്നിവരാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. കേസന്വേഷണം പാലോട് സിഐക്ക് കൈമാറിയതായി റൂറല്‍ എസ്പി അറിയിച്ചു.
















