പരവൂര്‍: കളഞ്ഞുപോയ പേഴ്‌സും 10000 രൂപയും ഉടമയ്‌ക്ക് തിരിച്ചുകൊടുത്ത് എസ്പിസി വിദ്യാര്‍ത്ഥി മാതൃകയായി. പരവൂര്‍ പൂതക്കുളം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയും പൂതക്കുളം കലയ്‌ക്കോട് പണ്ടാരവിള വീട്ടില്‍ എന്‍.ജി.പ്രദീപിന്റെയും സിന്ധുവിന്റെയും മകന്‍ സന്ദീപിനാണ് വേപ്പിമന്‍മൂട് റോഡില്‍നിന്നും പേഴ്‌സ് കളഞ്ഞുകിട്ടിയത്. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റായ സന്ദീപ് ഉടന്‍ തന്നെ സ്‌കൂളിലെ ഡ്രില്‍ ഇന്‍സ്ട്രക്ടറായ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്‌സിപിഒ രാജേഷിനെ അറിയിക്കുകയായിരുന്നു. പേഴ്‌സില്‍നിന്നും കണ്ടെത്തിയ നമ്പരില്‍ നിന്നും ഉടമയായ പരവൂര്‍ കൂനയില്‍ പാലോട്ട്കാവില്‍ നന്ദനം വീട്ടില്‍ സന്തോഷ് കുമാറിനെ വിവരം അറിയിച്ചു. പാരിപ്പള്ളി എസ്‌ഐ പി.രാജേഷ്, പരവൂര്‍ സിഐ എസ്.ഷെരീഫ്, സന്ദീപിന്റെ മാതാപിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സന്ദീപ് തന്നെ ഉടമസ്ഥന് കൈമാറി. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദനന്‍, എസ്പിസി ജില്ലാ നോഡല്‍ ഓഫീസര്‍ എസ്.ഷിഹാബുദീന്‍ എന്നിവര്‍ സന്ദീപിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
















