തിരുവനന്തപുരം: ഓര്‍മയുണ്ടോ പ്രവീണയെ. കൃത്യമായി പറഞ്ഞാല്‍ പാലോട് മൈലമൂട് അമ്പാടിയില്‍ പ്രവീണ. കായിക കേരളത്തിന് അത്ര പെട്ടെന്ന് മറക്കാനാകില്ല ഈ പേര്. ഒരിക്കല്‍ അരുവിക്കര ജി. വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ അഭിമാനമായിരുന്നു ഇവള്‍.
രണ്ടുപതിറ്റാണ്ട് മുന്‍പ് ട്രാക്കില്‍ കാല്‍ വഴുതിവീണ പ്രതിഭ. മത്സരത്തിനിടെ പറ്റിയ അപകടത്തിന് പ്രത്യുപകാരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയും സഹായങ്ങളുമൊന്നും ഈ നിര്‍ദ്ധനയെ തേടിയെത്തിയില്ല. പ്രവീണയുടെ ജീവിതം ഇന്നും ദുരിതങ്ങളുടെ ട്രാക്കില്‍. 1996 ജനുവരി ഒന്നിന് ഏലൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍കായികമേളയാണ് അന്നത്തെ പത്താം ക്ലാസുകാരി പ്രവീണയുടെ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്‌ത്തിയത്. 200 മീറ്ററില്‍ തലസ്ഥാന ജില്ലയ്‌ക്കു വേണ്ടി മത്സരിക്കാനിറങ്ങിയ പ്രവീണ ഒന്നാംസ്ഥാനത്തേക്ക് ഓടി അടുക്കവെ തട്ടിവീണു. കാലൊടിഞ്ഞ പ്രവീണ ഒരുപാട് കാലം ആശുപത്രിയില്‍ കഴിച്ചുകൂട്ടി. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്കിയതല്ലാതെ വീണുപോയ ട്രാക്കില്‍ നിന്ന് കൈപിടിച്ച് കയറ്റാന്‍ സര്‍ക്കാര്‍ മെനക്കെട്ടില്ല.
ലോംഗ്ജമ്പിലും 100, 200 മീറ്റര്‍ ഓട്ടത്തിലും കേരളത്തിന്റെ പ്രതീക്ഷയായിരുന്നു പ്രവീണ. അക്കാലത്ത് നിരവധി സംസ്ഥാന മത്സരങ്ങളില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയ താരം. അപകടം തളര്‍ത്തിയ കാലുമായി ട്രാക്കിലിറങ്ങാന്‍ പിന്നീടവള്‍ക്കായില്ല. 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്കിയിരുന്നു. വയസ്സിപ്പോള്‍ മുപ്പത്തിയാറ് പിന്നിട്ടിട്ടും ജോലി നല്‍കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. ഇടയ്‌ക്ക് പ്രവീണ പഠിച്ച ജി.വി, രാജ സ്‌കൂളില്‍ വാര്‍ഡനായി താത്കാലിക നിയമനം നല്കിയിരുന്നു.
ആറുമാസം കഴിഞ്ഞപ്പോള്‍ പറഞ്ഞുവിട്ടു. ഭര്‍ത്താവ് അനില്‍കുമാര്‍ കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനമാണ് പ്രവീണയുടെയും രണ്ട് മക്കളുടെയും ആശ്രയം. അധികൃതര്‍ മറന്നെങ്കിലും പ്രവീണ തന്റെ ദൗത്യം മറക്കുന്നില്ല. സമീപത്തെ മൂന്ന് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പ്രവീണ സൗജന്യമായി കായിക പരിശീലനം നല്‍കുന്നുണ്ട്.
















