കണ്ണൂര്‍: മത്സരപരീക്ഷക്കായി സൗജന്യ പരിശീലനം നല്‍കി വരുന്ന പിണറായി ആസ്ഥാനമായുള്ള ഗ്രാന്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഇരിട്ടി, കണ്ണൂര്‍ എന്നിവിടങ്ങളിലും സൗജന്യപരീക്ഷാ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 90 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ 30 പേര്‍ക്കാണ് പ്രവേശനം നല്‍കുക. വിവിധ വിഭാഗങ്ങളില്‍ പ്രഗത്ഭരായ പരിശീലകര്‍ സൗജന്യമായാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക. പരിശീലനത്തിനുള്ള ചെലവുകള്‍ മാത്രം ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കും. പിണറായി, തലശ്ശേരി, ചാലോട്, അണ്ടല്ലൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ പരിശീലനകേന്ദ്രങ്ങളുള്ളത്. കരസേന, നാവികസേന, വ്യോമസേന, സിആര്‍പിഎഫ്, ഐഎസ്എഫ്, ആര്‍പിഎഫ്, ആര്‍എഎഫ്, ഐടിബിപി തുടങ്ങിയ കേന്ദ്രസേനകളിലും പോലീസ്, എക്‌സൈസ്, ജയില്‍, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സംസ്ഥാന സേനകളിലും യുവതി, യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതുതായി പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പ്രസിഡന്റ് എ.എം.വിജേഷ്, പി.കെ.സുബിന്‍, എന്‍.നിഖ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















