തിരുവനന്തപുരം(മലയിന്‍കീഴ്): കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഊരൂട്ടമ്പലം പിരിയാക്കോട് സനല്‍ ഭവനില്‍ സജികുമാറിനെ (47)ആക്രമിച്ച ആറംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതായി സൂചന. ഒന്നാം പ്രതി ഊരൂട്ടമ്പലം പിരിയക്കോട് ശ്രീലകത്തില്‍ ശ്രീനാഥി(32)നെ റിമാന്‍ഡ് ചെയ്തു.
ഇടതു കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ശ്രീനാഥിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാതെ കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയില്‍ വിട്ട് കിട്ടുന്നതിന് പോലീസ് അപേക്ഷ നല്കിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കൊപ്പം പിടികൂടിയ മറ്റ് രണ്ടു പേരെയും അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നതായാണ് സൂചന.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് സജികുമാറിന് നേരെ ആക്രമണമുണ്ടായത്. കമ്പിപ്പാരകൊണ്ട് കൈകാലുകള്‍ അടിച്ചൊടിച്ച് ജനനേന്ദ്രിയം വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ സ്ത്രീ സംബന്ധമായ വിഷയമാണെന്ന് പോലീസിന് ആദ്യമേ വിവരം ലഭിച്ചിരുന്നു. ഒന്നാംപ്രതി ശ്രീനാഥിന്റെതുള്‍പ്പെടെ രണ്ട് സ്‌കൂട്ടറുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. അന്ന് തന്നെ പ്രതികളില്‍ രണ്ടുപേരെ പിടികൂടിയെങ്കിലും പോലീസ് ആരെയോ സഹായിക്കാനുള്ള നിലപാടെടുത്തിരുന്നു.
അവിവാഹിതനായ സജികുമാറും അമ്മ ആനന്ദവല്ലിയും മാത്രമേ സംഭവദിവസം വീട്ടിലുണ്ടായിരുന്നുള്ളു. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കഴിയുന്ന സജികുമാര്‍ അപകടനിലതരണം ചെയ്തിട്ടില്ല. ജനനേന്ദ്രിയത്തില്‍ മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് സജികുമാറിന്റെ അടുത്തസുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. കസ്റ്റഡിയിലുള്ളവരെല്ലാം ഊരൂട്ടമ്പലം പിരിയാക്കോട്, നീറമണ്‍കുഴി സ്വദേശികളാണ്. നെടുമങ്ങാട് ഡിവൈഎസ്പി ദിനില്‍, കാട്ടാക്കട സിഐ ആര്‍.എസ്. അനുരൂപ്, മാറനല്ലൂര്‍ എസ്‌ഐ വി. ഷിബു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
















