കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. നാദിര്‍ഷയെ ചോദ്യം ചെയ്ത വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.
ഇനിയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യതയുണ്ടെന്ന് നാദിര്‍ഷയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് നാദിര്‍ഷയെ ഇനി ചോദ്യം ചെയ്യാനുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങളും വിശദാംശങ്ങളും മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്. നാദിര്‍ഷയ്‌ക്കെതിരെ സ്വീകരിച്ചിരിക്കുന്ന തെളിവുകളുടെ വിശദാംശങ്ങളും ഹാജരാക്കണം.
നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന്‍ എല്ലാ വിവരങ്ങളും നാദിര്‍ഷയില്‍ നിന്നും ചോദിച്ചറിയാന്‍ സാധിച്ചിട്ടില്ല. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നും അറിയിച്ചു.
















