കൊച്ചി: രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 35 വയസിന് മുകളിലുള്ളവരുടെ ഡബിള്‍സില്‍ ടോപ് സീഡും മലയാളി താരങ്ങളുമായ സനേവ് തോമസ്-രൂപേഷ് കുമാര്‍ സഖ്യം ക്വാര്‍ട്ടറില്‍.
പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫിലിപ്പ് ഗാബെല്ല-റാഫേല്‍ ലിയനാര്‍ഡ് സഖ്യത്തെയാണ് മലയാളി ജോഡി അനായാസം പരാജയപ്പെടുത്തിയത്. സ്കോര്‍: 21-7, 21-10. ക്വാര്‍ട്ടറില്‍ ഡാനിഷ് സഖ്യമായ ലാര്‍സ് ക്ലിന്ട്രപ്-മോര്‍ട്ടന്‍ റാസ്മ്യൂസന്‍ ജോഡികളാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളികള്‍.
ഇതേ വിഭാഗത്തിലെ മറ്റൊരു പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ രണ്ടാം സീഡായ ഇന്ത്യയുടെ മലയാളി താരം വി. ദിജു-ജെ.ബി.എസ് വിദ്യാധര്‍ സഖ്യം ഇംഗ്ലീഷ്-ജാപ്പനീസ് ജോഡിയെ 21-11, 21-11 എന്ന സ്കോറിന് തോല്‍പ്പിച്ച് അവസാന എട്ടിലെത്തി. വിവിധ വിഭാഗങ്ങളിലെ സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ ബസന്ത് കുമാര്‍ സോണി, വിജയ് ശര്‍മ്മ, ഹര്‍ജിത് സിങ് എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് നടക്കും.
















