ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് എ, ബി, സി, ഡി എന്നിവയിലെ ആദ്യ റൗണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക. ഒരു ഗ്രൂപ്പില്‍ നാല് ടീമുകളാണുള്ളത്. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കും.
ഗ്രൂപ്പ് ഡിയില്‍ ഇന്ന് സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയും ഇറ്റാലിയന്‍ ക്ലബ് യുവന്റസുമാണ് നൗകാമ്പില്‍ നടക്കുന്ന ഈ സൂപ്പര്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയെ തകര്‍ത്തായിരുന്നു യുവന്റസ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ എത്തിയിരുന്നത്. ആ പരാജയത്തിന് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ന് കറ്റാലന്‍ പടയ്‌ക്ക്. ഉജ്ജ്വല ഫോമിലുള്ള മെസ്സിയിലാണ് ഇന്ന് ബാഴ്‌സയുടെ പ്രതീക്ഷകള്‍ മുഴുവന്‍. കഴിഞ്ഞ ദിവസം ലാ ലിഗയില്‍ ഹാട്രിക്കുമായി മെസ്സി ബാഴ്‌സക്ക് മിന്നുന്ന ജയം സമ്മാനിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ ഒളിമ്പിയാക്കോസ് സ്വന്തം മൈതാനത്ത് പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിങ് ലിസ്ബണുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് എയില്‍ ഇന്ന് പോര്‍ച്ചുഗീസ് ക്ലബ് ബെനഫിക്ക റഷ്യന്‍ ക്ലബ് സിഎസ്‌കെഎ മോസ്‌കോയെയും മാഞ്ചസ്റ്റര്‍ യുണൈറ്റ് സ്വന്തം മണ്ണില്‍ സ്വിസ് ക്ലബ് എഫ്‌സി ബാസലിനെയും നേരിടും. പോര്‍ച്ചുഗീസ് ലീഗില്‍ കളിച്ച അഞ്ച് മത്സരങ്ങളിലും തോല്‍വിയറിയാതെ മുന്നേറുന്ന ബെനഫിക്ക സ്വന്തം മണ്ണിലെ ആദ്യ കളിയില്‍ ജയിക്കാമെന്ന വിശ്വാസത്തിലാണ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള യുണൈറ്റഡ് ഈ സീസണില്‍ തോല്‍വിയറിഞ്ഞിട്ടില്ല.
ഗ്രൂപ്പ് ബിയിലെ എവേ മത്സരത്തില്‍ സ്‌കോട്ടിഷ് ക്ലബ് സെല്‍റ്റിക് കരുത്തരായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ നേരിടുമ്പോള്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ആര്‍എസ്‌സി ആന്‍ഡര്‍ലെക്റ്റുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് സിയില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന കളിയില്‍ ചെല്‍സി അസര്‍ബെയ്ജാന്‍ ക്ലബ് എഫ്‌കെ ക്വാറാബാഗിനെ നേരിടും. ക്വാറാബാഗ് ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനിറങ്ങുന്നത്. മറ്റൊരു കളിയില്‍ സീരി എ ടീം റോമക്ക് എതിരാളികള്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡാണ്.
















