ന്യൂയോര്‍ക്ക്: പുരുഷ വിഭാഗം ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിന് ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാം കിരീടമായ യുഎസ് ഓപ്പണ്‍. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ കിരീടം നേടിയത്. സ്‌കോര്‍: 6-3, 6-3, 6-4.
നദാലിന്റെ 16-ാം ഗ്രാന്‍ഡ് സ്ലാമും യുഎസ് ഓപ്പണിന്റെ ചരിത്രത്തില്‍ മൂന്നാമത്തെയും കിരീടമാണ് ഇത്തവണത്തേത്. കിരീട നേട്ടത്തില്‍ 19 ഗ്രാന്‍ഡ്സ്ലാം നേടിയ ഫെഡറര്‍ മാത്രമാണ് നദാലിന് മുന്നിലുള്ളത്. നാല് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് നദാല്‍ ഫ്‌ളഷിങ് മെഡോയില്‍ കിരീടം ഉയര്‍ത്തുന്നത്. 2013ലായിരുന്നു ഇതിന് മുന്‍പ് കിരീടം നേടിയത്. അതേസമയം ആദ്യമായി ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ കളിച്ച കെവിന്‍ ആന്‍ഡേഴ്‌സണ് ഫൈനലില്‍ നദാലിന്റെ കരുത്തിന് മുന്‍പില്‍ മറുപടിയുണ്ടായില്ല. ഏറെക്കുറെ അനായാസമായിരുന്നു നദാലിന്റെ കിരീടത്തിലേക്കുള്ള കുതിപ്പ്. 52 വര്‍ഷത്തിനു ശേഷം യുഎസ് ഓപ്പണിന്റെ ഫൈനലില്‍ കളിച്ച ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ് കെവിന്‍ ആന്‍ഡേഴ്‌സണ്‍.
കിരീട പോരാട്ടത്തിലുടനീളം തികഞ്ഞ ആധിപത്യമായിരുന്നു നദാലിന്. ആദ്യ സെറ്റ് 6-3ന് അനായാസം നേടി. നദാലിന്റെ കരുത്തുറ്റ ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക്ഹാന്‍ഡുകള്‍ക്കും മുന്നില്‍ പലപ്പോഴും മറുപടി നല്‍കാന്‍ കഴിയാതെ ആന്‍ഡേഴ്‌സണ്‍ വിഷമിച്ചു. ഇതോടെ 6-3 എന്ന നിലയില്‍ രണ്ടാം സെറ്റും ദക്ഷിണാഫ്രിക്കന്‍ താരം കൈവിട്ടു. മൂന്നാംസെറ്റില്‍ ആന്‍ഡേഴ്‌സണ്‍ തിരിച്ചുവരവിനുള്ള ചെറിയ ശ്രമം നടത്തിയെങ്കിലും നദാല്‍ എന്ന കാളക്കൂറ്റന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
ഈ വര്‍ഷം നദാലിന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ഇത്. നേരത്തെ ഫ്രഞ്ച് ഓപ്പണിലും നദാല്‍ കിരീടം നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കളിച്ചെങ്കിലും ഫെഡററോട് പരാജയപ്പെട്ടു. ഓസ്‌്രേടലിയന്‍ ഓപ്പണിനു പുറമെ വിംബിള്‍ഡണും ഇത്തവണ ഫെഡറര്‍ക്കായിരുന്നു. വിജയത്തോടെ റാഫേല്‍ നദാല്‍ ഒന്നാം റാങ്ക് നിലനിര്‍ത്തുകയും ചെയ്തു. യുഎസ് ഓപ്പണിന് മുന്‍പ് മൂന്നാമതായിരുന്ന സ്വിസ് ഇതിഹാസം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ നേരത്തെരണ്ടാമതായിരുന്ന ബ്രിട്ടന്റെ ആന്‍ഡി മുറെ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് രണ്ട് സ്ഥാനം മുന്നേറി നാലാമതും ക്രൊയേഷ്യയുടെ മാരിന്‍ സിലിക്ക് അഞ്ചാം സ്ഥാനത്തുമെത്തി. മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ഒരു സ്ഥാനം താഴോട്ടിറങ്ങി ആറാമതായി.
















