ന്യൂയോര്‍ക്ക് : ലോക ഒന്നാം നമ്പറായ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണില്‍ മൂന്നാം കിരീടത്തിനരികില്‍.ഒറ്റ വിജയം കൊണ്ട് ഫ്ളെഷിങ്ങ് മെഡോയില്‍ വീണ്ടും വിജയക്കൊടിനാട്ടാം. ഒപ്പം പതിനാറാം ഗ്രാന്‍ഡ് സ്ലാം കിരീടവും തലയിലേറ്റാം.
വമ്പന്മാരെ അട്ടിമറിച്ചെത്തിയ അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്പൊട്രോയെ തകര്‍ത്തുവിട്ടാണ് നദാല്‍ കലാശക്കളിക്ക് അര്‍ഹനായത്.സ്കോര്‍ 4-6,6-0,6-3,6-2.
കിരീടത്തിനായുളള പോരാട്ടത്തില്‍ സ്പാനിഷ് താരമായ നദാല്‍ കളിക്കൂട്ടുകാരനായ കെവിന് ആന്‍ഡേഴ്സണെ നേരിടും. ടെന്നീസ് കളി പഠിച്ചുവരുന്നകാലം മുതല്‍ ഇവര്‍ സുഹൃത്തുക്കളാണ്.
32-ാം റാങ്കുകാരനായ ആന്ഡേഴ്സണ് സെമിയില്‍ പന്ത്രണ്ടാം സീഡായ പാബ്ളോ കരേനോ ബുസ്റ്റയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക ാണ് ദക്ഷിണാഫ്രിക്കന്‍ താരമായ ആന്ഡേഴ്സണ് ജയിച്ചുകയറിയത്.സ്കോര്‍ 4-6,7-5,6-3,6-4. അമ്പത്തിരണ്ടു വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്.
2010,2013 വര്‍ഷങ്ങളില്‍ ഇവിടെ കിരീടമണിഞ്ഞ നദാല്‍ ഇത് 23-ാം തവണയാണ് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. റോജര്‍ ഫെഡററെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ച് സെമിയിലെത്തിയ യുവാന്‍ മാര്ട്ടിന് ഡെല്പൊട്രോക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് നദാല്‍ കാഴ്വെച്ചത്.
ആദ്യ സെറ്റ് 4-6 ന് നഷ്ടമായെങ്കിലും തുടര്‍ന്നുളള മൂന്ന് സെറ്റുകളില്‍ ഉശിരന്‍ പോരാട്ടത്തിലൂടെ തിരിച്ചുവന്നു. രണ്ടാം സെറ്റ് ഒരുപോയിന്റുപോലും വിട്ടുകൊടുക്കാതെ കീശയിലാക്കി. മൂന്നും നാലും സെറ്റുകളില്‍ മികവ് നിലനിര്‍ത്തിയ നദാല്‍ അനായാസം സെറ്റുകള്‍ സ്വന്തമാക്കി ഫൈനലില്‍ കടന്നു.
ക്വാര്ട്ടര്ഫൈനലിലേക്കുളള വഴിയില്‍ ഡെല്‍പെട്രോ ഉയര്‍ന്ന റാങ്കുകാരനായ ഡൊമിനിക്ക് തീമിനെയും അട്ടിമറിച്ചിരുന്നു.ആന്‍ഡേഴ്സണെതിരെ നദാലിന് മികച്ച റെക്കോഡാണുളളത്. ഇരുവരും ഇതുവരെ നാലുതവണ കളിക്കളത്തിലേറ്റുമുട്ടിയിട്ടുണ്ട്. നാലുപ്രവശ്യവും നദാലാണ് വിജയക്കൊടി നാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: