തിരുവനന്തപുരം: അറുപത്തിയൊന്നാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ പാലക്കാടന്‍ മുന്നേറ്റം. ആദ്യ ദിനത്തില്‍ മുന്നില്‍ നിന്ന തിരുവനന്തപുരത്തെ പിന്നിലാക്കി അവര്‍ 331.5 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. പാലക്കാട് ഇന്നലെ രണ്ടാം സ്ഥാനത്തായിരുന്നു. 317.5 പോയിന്റോടെ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 295.5 പോയിന്റ് നേടിയ തിരുവനന്തപുരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്നലെ അഞ്ച് റെക്കോഡുകളാണ് പുതുതായി പിറന്നത്. പതിനാറ് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി (12.31 മീ.) പുതിയ റെക്കോഡ് സൃഷ്ടിച്ചു. പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ പാലക്കാടിന്റെ ഗായത്രി (7 മി. 41.33 സെ.)യും പോള്‍വാള്‍ട്ടില്‍ പാലക്കാടിന്റെ തന്നെ നിവ്യ ആന്റണി.എ.സി(3.50 മീ.)യും റെക്കോഡ് തിരുത്തിക്കുറിച്ചു.
പതിനാല് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ തിരുവനന്തപുരത്തിന്റെ മേഖാദ്രി റോയ് (6.47മീ.) മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടി. 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 3000 മീ. സ്റ്റീപ്പിള്‍ ചെയ്സില്‍ തൃശൂരിന്റെ ബിബിന്‍ ജോര്‍ജ്ജ് (9 മി. 36.09 സെ.) റെക്കോഡ് സൃഷ്ടിച്ചു. മത്സരം ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: