മാന്നാര്‍: ആചാരപ്പെരുമയില്‍ തിരുവാറന്മുളയപ്പനുള്ള തിരുമുല്‍ക്കാഴ്ചയുമായി ചെന്നിത്തല പള്ളിയോടം യാത്രയായി. പാര്‍ത്ഥസാരഥിയെ കാണാന്‍ അവല്‍കിഴിയുമായി കുചേലനെത്തിയ സങ്കല്‍പ്പവുമായാണ് ചെന്നിത്തല കരക്കാര്‍ തിരുമുല്‍കാഴ്ചയുമായി ആറന്മുളയില്‍ എത്തുന്നത്. കരനാഥന്‍ തിരുനടയില്‍ കിഴി സമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി ഉച്ചപൂജ നടക്കും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളല്‍ കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഭഗവാന് സമര്‍പ്പിക്കും. നാലമ്പലത്തിനുള്ളില്‍ വഞ്ചിപ്പാട്ട് പാടാനുള്ള അവകാശം ചെന്നിത്തല കരയ്‌ക്ക് മാത്രമാണ്. ഇന്നലെ ആചാരവെടിയുടെ അകമ്പടിയോടെയാണ് പള്ളിയോടം ആറന്മുളയ്‌ക്ക് യാത്രയായത്.
അച്ചന്‍കോവിലാറ്, കുട്ടംപേരൂര്‍ ആറ്, പമ്പാനദി എന്നിവയിലൂടെ 80 കിലോമീറ്റര്‍ തുഴയെറിഞ്ഞ് ഇന്ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള പള്ളിയോടക്കടവിലെത്തും. എട്ടിന് ആദ്യ വെടി മുഴക്കത്തില്‍ പള്ളിയോടത്തില്‍ കര്‍പ്പൂരാരാധന നടന്നു. 8.30നു രണ്ടാമത്തെ വെടി മുഴക്കത്തില്‍ തുഴക്കാര്‍ പള്ളിയോടത്തില്‍ കയറി അച്ചന്‍കോവിലാറ്റില്‍ പ്രദക്ഷിണം വച്ചു തിരികെ വലിയപെരുമ്പുഴ കടവിലെത്തി. ഒന്‍പതിനു മൂന്നാമത്തെ വെടിമുഴക്കത്തില്‍ വായ്‌ക്കുരവ, വഞ്ചിപ്പാട്ട്, ആര്‍പ്പുവിളികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ പള്ളിയോടം ആറന്മുളയിലേക്കു പുറപ്പെട്ടു. ചെന്നിത്തല തെക്ക് 93 നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമയിലുള്ള ബി ബാച്ച് പള്ളിയോടം വലിയപെരുമ്പുഴ കടവില്‍ നിന്നാണ് ആറന്മുളയിലേക്കുള്ള പ്രയാണമാരംഭിച്ചത്. കരയോഗം പ്രസിഡന്റ് ആര്‍. പുരന്ദരദാസിന്റെ അദ്ധ്യക്ഷതയില്‍ യാത്രയയപ്പു സമ്മേളനം നടന്നു. ഇന്ന് ആറന്മുളയില്‍ നടക്കുന്ന 125-ാമത് ഉത്തൃട്ടാതി ജലമേളയിലും പള്ളിയോടം പങ്കെടുക്കും. തുടര്‍ന്നു വിവിധ ദിവസങ്ങളില്‍ ആറന്മുളയില്‍ നടക്കുന്ന വള്ളസദ്യകളിലും 12നു നടക്കുന്ന അഷ്ടമിരോഹിണി ജലഘോഷയാത്രയിലും പങ്കെടുത്ത ശേഷം 18ന് ആറന്മുളയില്‍ നിന്നു തിരിച്ച് പിറ്റേന്ന് പുലര്‍ച്ചെ ചെന്നിത്തല പള്ളിയോടക്കടവിലെത്തും.
















