ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ത്രിശങ്കുവില്‍. ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ സമനില പാലിക്കേണ്ടിവന്നതോടെയാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത ആശങ്കയിലായത്. ദുര്‍ബ്ബലരായ വെനസ്വേലയാണ് താരനിബിഡമായ അര്‍ജന്റീനയെ 1-1ന് സമനിലയില്‍ തളച്ചത്. തുടര്‍ച്ചയായ രണ്ടാം സമനിലയാണ് അര്‍ജന്റീനയുടേത്. കഴിഞ്ഞയാഴ്ച ഉറുഗ്വെയുമായി ഗോള്‍രഹിത സമനില അവര്‍ പാലിച്ചിരുന്നു.
ഇന്നലെ സമനിലയില്‍ കുടുങ്ങിയതോടെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ അര്‍ജന്റീനക്ക് നിര്‍ണായകമായി. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന മത്സരത്തില്‍ പെറുവും 10ന് നടക്കുന്ന കളിയില്‍ ഇക്വഡോറുമാണ് എതിരാളികള്‍. ഈ രണ്ട് കൡകളിലും ജയിച്ചാലും നേരിട്ട് യോഗ്യതാ നേടുമെന്ന് ഉറപ്പില്ല.
മറ്റ് മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചിരിക്കും നേരിട്ടുള്ള യോഗ്യത. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമെ നേരിട്ട് യോഗ്യത ലഭിക്കൂ. അഞ്ചാം സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിച്ച് വേണം യോഗ്യത നേടുവാന്‍.
സൂപ്പര്‍താരം ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, യുവതാരം പൗളോ ഡിബാല, ഇന്റര്മിലാന് താരം മൗറോ ഇക്കാര്‍ഡി എന്നിവരുമായി കളത്തിലിറങ്ങിയിട്ടും ബ്യൂണസ് അയേഴ്സിലെ സ്വന്തം തട്ടകത്തില്‍ അര്‍ജന്റീനക്ക് വിജയിക്കാനായില്ല. ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ച വെനസ്വേലക്കെതിരെ സാംപോളിയുടെ സംഘം ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോള്‍ മാത്രം കണ്ടെത്തുന്നതില്‍ പരാജപ്പെട്ടു.
നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും മെസ്സി ഉള്‍പ്പെട്ട താരനിര അവയെല്ലാം പാഴാക്കുകയായിരുന്നു. ഒരു സെല്‍ഫ് ഗോളാണ് അര്‍ജന്റീനക്ക് സമനില നേടിക്കൊടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു രണ്ട് ഗോളുകളും.
രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റായപ്പോഴേക്കും അര്‍ജന്റീനയെ ഞെട്ടിച്ച് വെനസ്വേല വല കുലുക്കി. പന്തുമായി ഒറ്റക്ക് മുന്നേറിയ ജോണ്‍ മ്യുറില്ലോയാണ് അര്‍ജന്റീന ഗോളിയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചത്.
എന്നാല്‍ ഗോള്നേടിയതിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. മൂന്നുമിനിറ്റിനുശേഷം സ്വന്തം വലയില്‍ പന്തെത്തിച്ച് റോള്‍ഫ് ഫ്ളെച്ചര്‍ അര്‍ജന്റീനക്ക് സമനില ഗോള്‍ ദാനമായി നല്കി. ഇക്കാര്‍ഡിയുടെ പാസ് അടിച്ചകറ്റാന്‍ ശ്രമിക്കുന്നതിനിടെ ഫ്ളെച്ചറുടെ കാലില്‍ തട്ടി പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു.
കളിയുടെ 25-ാം മിനിറ്റില്‍ പ്ലേ മേക്കര്‍ ഡി മരിയക്ക് പരിക്കേറ്റതും അര്‍ജന്റീനക്ക് തിരിച്ചടിയായി. തുടര്‍ന്ന് മരിയക്ക് പകരം അക്യുന കളത്തിലെത്തി. 62-ാം മിനിറ്റില്‍ ദ്യബാലക്ക് പകരം ബെനഡെറ്റോയെയും 75-ാം മിനിറ്റില്‍ ഇക്കാര്‍ഡിക്ക് പകരം പാസ്റ്റോറയേയും സാംപോളി പരീക്ഷിച്ചെങ്കിലും വിജയഗോള്‍ വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: