മുക്കം (കോഴിക്കോട്): സിപിഎം എംഎല്‍എ പി. വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.
തിരുവമ്പാടി സ്റ്റേഷനിലെ രണ്ട് പോലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. താമരശേരി സി ഐക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസമാണ് കക്കാടംപൊയിലിലെ അമ്യൂസ്മെന്റ് പാര്ക്കിന് മുന്നില്‍ യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കൊടിയത്തൂര്‍ സ്വദേശികളായ വടക്കു വീട്ടില്ഷെറിന് അഹമ്മദ്, ചാലക്കല്ഷഹദ് അബ്ദുറഹിമാന് , കമ്പളത്ത്ഷാനു ജസീം, പറക്കുഴി മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സംഘം ചേര്‍ന്നുള്ള അക്രമത്തില്‍ ഷാനു ജസീമിന്റെ മൂക്ക് തകര്‍ന്നിട്ടുണ്ട്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മര്‍ദനത്തിനിരയായവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാര്‍ക്കിലെത്തിയവര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ പാര്‍ക്കിന്റെ ദൃശ്യം പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു സഞ്ചാരികളെ ഒരു സംഘം മര്‍ദിച്ചത്. നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും പോലീസെത്തി അക്രമികള്‍ക്ക് മര്‍ദ്ദിക്കാന്‍ അവസരമൊരുക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
എം എല്‍ എയുടെ പാര്‍ക്കിനെതിരെ ജനവികാരം ശക്തമാകുന്നതിനിടെയാണ് പോലീസ് അക്രമികള്‍ക്ക് സഹായം ചെയ്ത് കൊടുത്തത്. പി വി ആര് വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ നേരത്തെ പുറത്തായിരുന്നു. പാര്‍ക്ക് നിലനില്‍ക്കുന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഒരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. ദുരന്ത സാധ്യതാ മേഖലയായതിനാല്‍ മഴക്കുഴി പോലും കുത്തരുതെന്നും 2016ല്‍ ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: