കൊളംബോ: പേരിനൊരു ജയമെന്ന ലങ്കന്‍ സ്വപ്നം പേസര്‍ ഭുവനേശ്വര്‍ കുമാറും (അഞ്ച് വിക്കറ്റ്) നായകന് വിരാട് കോഹ്ലിയും (110 നോട്ടൗട്ട്) തച്ചുടച്ചപ്പോള്‍ അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. ലങ്കയെ ആറു വിക്കറ്റിന് തകര്‍ത്ത് ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. സ്കോര്‍: ശ്രീലങ്ക – 238 (49.4), ഇന്ത്യ- 239/6 (46.3).
ഭുവനേശ്വര്‍ കുമാര്‍ 42 റണ്‍സിന് അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയപ്പോള്‍, വിരാട് ഏകദിനത്തിലെ മുപ്പതാം സെഞ്ചുറി കുറിച്ചു. ഏകദിനത്തില്‍ ഇതാദ്യമായാണ് പേസര്‍ അഞ്ചുവിക്കറ്റ് നേടുന്നത്. ഇന്ത്യക്കായി കേദാര്‍ ജാദവ് (63) അര്‍ധസെഞ്ചുറി നേടി. മനീഷ് പാണ്ഡെയും (36) പിന്തുണച്ചു.
മുന്‍ നായകന് ഏഞ്ച്ലോ മാത്യൂസും തിരിമാനെയും അര്‍ധ ശതകങ്ങള്‍ നേടി ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍ പടുത്തുയര്‍ത്താന്‍ അവസരമൊരുക്കി. എന്നാല്‍ ഇന്ത്യ ബൗളര്‍മാരെ ആഞ്ഞടിച്ചതോടെ ശ്രീലങ്കന്‍ തകര്‍ന്നു. തിരുമാനെ 67 റണ്‍സോടെ അവരുടെ ടോപ്പ് സ്കോററായി. മാത്യൂസ് 55 റണ്‍സ് കുറിച്ചു. പരമ്പരയില്‍ രണ്ടാം തവണയാണ് ഇരുവരും അര്‍ധ ശതകം നേടുന്നത്. 102 പന്ത് നേരിട്ട തിരിമാനെ മൂന്ന് ഫോറും ഒരു സിക്സറും പൊക്കി. നാലാം വിക്കറ്റില്‍ ഇവര്‍ 122 റണ്‍സ് അടിച്ചെടുത്തു. തിരുമാനയെ ഭുവനേശ്വര്‍ ക്ലീന്‍ ബൗള്‍ഡാക്കി. മാത്യൂസ് കുല്‍ദീപ് യാദവിന്റെ പന്തില്‍ ധോണിക്ക് പിടികൊടുത്തു.
ഓപ്പണറായി ഇറങ്ങിയ നായകന് തരംഗ യും ബാറ്റിങ്ങില്‍ തിളങ്ങി.അടിച്ചുതകര്‍ത്ത തരംഗ 34 പന്തില്‍ 48 റണ്‍സ് എടുത്തു. ഒമ്പതു ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്ങ്സ്. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും ഇന്ത്യന്‍ ആക്രമണത്തില്‍ പിടിച്ചു നില്ക്കാനായില്ല. അഞ്ചുബാറ്റ്സ്മാന്മര് രണ്ടക്കം തികയ്ക്കാതെ മടങ്ങി. ബുംറ 10 ഓവറില്‍ 45 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ്, ചഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: