കാസര്‍കോട്: കാസര്‍കോട് ജില്ലയ്ക്ക് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഓണസമ്മാനമായി കേന്ദ്രീയ വിദ്യാലയം അനുവദിച്ചു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എട്ടാമത്തെ കേന്ദ്രീയ വിദ്യാലയമാണ് നീലേശ്വരത്ത് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ മാസത്തില്‍ തന്നെ തുടങ്ങാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഇതിനോടകം തന്നെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍, കാസര്‍കോട് രണ്ട്, കാഞ്ഞങ്ങാട് ഒന്ന്, പയ്യന്നൂര്‍ അടാട്ട് ഒന്ന്, പെരിങ്ങോം ഒന്ന്, ഏഴിമല ഒന്ന്, മാങ്ങാട്ട്പറമ്പ് ഒന്ന് എന്നിങ്ങനെ ഏഴ് കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നീലേശ്വരത്ത് പ്രത്യേകമായി കേന്ദ്രീയ വിദ്യാലയം വേണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യപ്രകാരമാണ് ഇത് അനുവദിച്ചത്. ഇതിനായി പി.കരുണാകരന് എം.പി കേന്ദ്രസര്‍ക്കാറിനോട് ജനങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു.
നീലേശ്വരം മുനിസിപ്പാലിറ്റിയും നാട്ടുകാരും ചേര്‍ന്ന് കടിഞ്ഞിമൂല സ്കൂളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രീയ വിദ്യാലയത്തിന്റെ പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിനായി എം പി ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിക്കും.
നീലേശ്വരത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി പാലാത്തടത്ത് പ്രത്യേകം സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
സ്ഥലം ഇതിനോടകം ഗവണ്മെന്റ് കേന്ദ്രീയ വിദ്യാലയത്തിന് നല്കി കഴിഞ്ഞു. ഈ പ്രാവശ്യം കോന്നിയിലും നീലേശ്വരത്തുമാണ് കേന്ദ്രീയ വിദ്യാലയം അനുവദിച്ചിരിക്കുന്നത്.
കേരള കേന്ദ്ര സര്‍വകലാശാലയുടെ പെരിയ, നീലേശ്വരം ക്യാമ്പസുകളിലുള്ള ജീവനക്കാരുടെ മക്കള്‍ക്കും മറ്റും പുതിയ കേന്ദ്രീയ വിദ്യാലയം ഏറെ പ്രയോജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: