മലയാളികള്‍ നിറമനസോടെ ഓണം ആഘോഷിച്ചു. കോടിയുടുത്ത് നാടും നഗരവും ഓണത്തിന്റെ വര്‍ണ്ണപ്പകിട്ടിലായിരുന്നു. പാട്ടും കളികളും സദ്യയുമായി ഒരുമയുടേയും ഐശ്വര്യത്തിന്റെയും നിറച്ചാര്‍ത്തില്‍ സന്തോഷം പങ്കുവെച്ച് ലോകത്തുള്ള ഓരോ മലയാളിയും ഇനി കാത്തിരിക്കുന്നത് അടുത്ത ഓണത്തിന്.
ഉത്രാടപ്പാച്ചിലിന്റെ തിരക്കൊഴിഞ്ഞപ്പോള്‍ തിരുവോണ ചുറ്റുവട്ടത്തിന്റെ ഒരുക്കങ്ങളിലേക്കായിരുന്നു തിരക്ക്. അത്തത്തിന് നല്ല വെയിലായിരുന്നു. അത്തം വെളുത്തതിനാല്‍ ഓണം കറുക്കുമെന്ന പഴയ കണക്കുകൂട്ടല്‍ ഇത്തവണയും തെറ്റിയില്ല. നിറമഴയില്‍ തിരുവോണം ഐശ്വര്യത്താല് നനഞ്ഞു. പുതു തലമുറ വെയിലുപോലെ തിരുവോണ മഴ നനഞ്ഞു ഹരംകൊണ്ടു. പ്രായമായവര്‍ പഴമൊഴി തെറ്റില്ലെന്നാശ്വാസത്തിലായിരുന്നു.
ഇത്തവണ അത്തംപത്തോണം എന്നതിനു പകരം അത്തം പതിനൊന്നോണമെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. പൂരാടംനാള് രണ്ടു തവണ വന്നതിനാലാണ് പതിനൊന്നോണമായത്. സാധനങ്ങളുടെ കൊള്ളപ്പിടിച്ച വിലയില്‍ ആദ്യം മുഖം വീര്‍ത്ത ഓണം കാണംവിറ്റും ഓണമുണ്ണണം എന്ന സങ്കല്‍പ്പത്തില്‍ വിലക്കുറവെല്ലാം മറന്നുതന്നെ ഓണം ആഘോഷിച്ചു. തുടക്കത്തില്‍ ഉണരാത്ത ഓണവിപണി ഉത്രാടപ്പാച്ചിലെത്തുംമുന്പേ തകൃതിയായി. പച്ചക്കറികള്‍ തുടങ്ങി എല്ലാറ്റിനും തീപിടിച്ച വിലയായിരുന്നു.
നേനത്രക്കായയ്ക്കായിരുന്നു ഇന്നോളമില്ലാത്തവില. അതിനാല്‍ ഉപ്പേരി കിലോയ്ക്കു പലയിടത്തും നാന്നൂറു രൂപയ്ക്കും മേലായിരുന്നു. മലയാളിക്കുമാത്രം അവകാശപ്പെട്ട ഓണം എങ്ങനേയും കേരളിയന് ആഘോഷിക്കുമെന്നത് ഈവര്‍ഷവും പൊടിപൂരമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: