കാഞ്ഞിരപ്പള്ളി: സ്വപ്‌നം കാണാന്‍ മാത്രമുള്ളതല്ല നേട്ടങ്ങള്‍, സ്വന്തമാക്കാന്‍ കൂടിയുള്ളതാണെന്ന് ഭാരതീയനെ പഠിപ്പിക്കാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം എഴുതിയ ആത്മകഥാ പുസ്തകമാണ് ‘ഇന്ത്യ മാറ്റത്തിന്റെ മുഴക്കം’. അധികാര പദവികളില്‍ വ്യത്യസ്തത പുലര്‍ത്തിയതെങ്ങനെയെന്ന് പുസ്തകത്തില്‍ ലളിതമായി വിവരിക്കുന്നുണ്ട്. ലാളിത്യത്തിന് എത്രത്തോളം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് അല്‍ഫോണ്‍സ് കണ്ണന്താനം.
1995ല്‍ എഴുതിയ പുസ്തകം ഏപ്രില്‍ 1996ലാണ് ഡി.സി. ബുക്‌സ് ആദ്യ പതിപ്പ് പുറത്തിറക്കിയത്. പുസ്തകം നല്ല വില്‍പന നേടി. അതിന്റെ പന്ത്രണ്ടാമത് എഡിഷന്‍ നവംബര്‍ 2008ല്‍ പുറത്തിറങ്ങി. മണിമല ഏറത്ത് വടകരയില്‍ കെ.വി. ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953 ജനിച്ചു. മലയാളം മീഡിയം സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പത്താം ക്‌ളാസ് കഷ്ടിച്ച് ജയിച്ചെങ്കിലും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1979ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.
ദേവികുളം സബ്കളക്ടര്‍, വിദ്യാഭ്യാസ സെക്രട്ടറി, മില്‍മയുടെ മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവും, കോട്ടയം ജില്ലാ കളക്ടര്‍, ദല്‍ഹി ഡവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍, എന്‍ട്രന്‍സ് എക്‌സാം ചെയര്‍മാന്‍, ലാന്‍ഡ് യൂസ് കമ്മീഷണര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 2006ല്‍ സിവില്‍ സര്‍വ്വീസില്‍ 8 വര്‍ഷം ബാക്കി നില്‍ക്കെ രാജിവെച്ച് രാഷ്‌ട്രീയത്തില്‍ കയറി മുപ്പത്തിരണ്ടാം ദിവസം വന്‍ഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയി.
ഫയലുകള്‍ക്കപ്പുറത്തെ മനുഷ്യജീവിതത്തെ അറിയാനാണ് ഐഎഎസ് ഉപേക്ഷിച്ച് രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നായിരുന്നു രാജിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. 2011ല്‍ ബിജെപിയിലേക്ക് ചേക്കേറിയ കണ്ണന്താനം ബിജെപി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമായി.
വിശാലരാജ്യതാത്പ്പര്യം മുന്‍നിര്‍ത്തിയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അല്‍ഫോന്‍സ് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പൂഞ്ഞാറിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന കണ്ണന്താനം പിന്നീട് മത്സരരംഗത്തു നിന്നു പിന്‍മാറുകയായിരുന്നു. അഴിമതിക്കെതിരെ നടത്തിയ സമരങ്ങളുടെ പേരില്‍ ഇടത്തരക്കാരുടെ ആരാധനാപാത്രമായ വ്യക്തിയാണ്. 1994ല്‍ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നല്‍കി.
ഐഎഎസുകാരനായിരിക്കെ ഭരണ നടപടികളുടെ പേരില്‍ കണ്ണന്താനം ദല്‍ഹിയിലും കേരളത്തിലും വിവാദ നായകനായിട്ടുണ്ട്. ദല്‍ഹിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി ശ്രദ്ധപിടിച്ചുപറ്റി. ടൈം മാഗസിന്റെ മികച്ച 100 രാജ്യാന്തര യുവ നേതാക്കളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലാ കലക്ടറായിരിക്കെ കോട്ടയം ജില്ലയ്‌ക്ക് 100 ശതമാനം സാക്ഷരത സമ്മാനിക്കാനുള്ള നടപടികളിലൂടെ ശ്രദ്ധേയനായി.
അഴിമതി വിരുദ്ധത മുഖമുദ്രയാക്കി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാരിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി എത്തിപ്പെടാനുള്ള നിയോഗം അഴിമതിവിരുദ്ധനെന്ന് പേരുകേട്ട കണ്ണന്താനത്തിന് ലഭിച്ചു. ദേവികുളം സബ്കളക്ടര്‍ ആയിരിക്കുമ്പോഴായിരുന്നു അല്‍ഫോണ്‍സിന്റെ വിവാഹം. ഭാര്യ ഷീല, രണ്ട് മക്കള്‍, ആകാശും, ആദര്‍ശും.
















