മാനന്തവാടി: സിം കാര്‍ഡ് എടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ സിം കാര്‍ഡുകളെടുത്ത് വിതരണം ചെയ്ത സംഘത്തിലെ മൂന്ന് പേര്‍ക്കെതിരെ മാനന്തവാടി പൊലീസ് കേസ്സെടുത്തു. മാനന്തവാടി എരുമത്തെരുവിലെ വാട്സ്ആപ്പ് മൊബൈല്‍ ഷോപ്പ് ഉടമക്കും ജീവനക്കാര്‍ക്കുമെതിരെയാണ് കേസ്സെടുത്തത്. മാനന്തവാടി സ്വദേശിയായ അധ്യാപകന് നല്കിയ പരാതിയില്‍ പിലക്കാവ് അസ്ലം, ഷമീര്‍, സജിത്ത് എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 417, 420 വകുപ്പ് പ്രകാരം കഴിഞ്ഞ ദിവസമാണ് പോലിസ് എഫ്ഐആര്‍ തയ്യാറാക്കിയത്.
കടയില്‍ സിം കാര്‍ഡ് എടുക്കാനെത്തുന്നവരുടെ വിരലടയാളം ഒന്നിലധികം തവണ രേഖപ്പെടുത്തി ഒരു സിം കാര്‍ഡ് ഉപഭോക്താവിന് നല്‍കിയശേഷം ഇതേ ആളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിംകാര്‍ഡ് മറ്റ് പലര്‍ക്കും നല്കി ദുരുപയോഗം ചെയ്യുകയാണ് പതിവ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ ഇത്തരം സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.
നിരവധി പേരുടെ ആധാര്‍നമ്പര്‍ ഉപയോഗിച്ച് പലര്‍ക്കായി സിം കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുള്ളതായാണ് വിവരം. ഓണ്‍ലൈന്‍ വഴി ജിയോ സിം റീചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ പേരില്‍ വ്യത്യസ്ത നമ്പറുകളിലായി വേറെയും സിം കാര്‍ഡ് ഉണ്ടന്ന് ശ്രദ്ധയില്‍പ്പെട്ടതെന്ന് അധ്യാപകന് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ നമ്പറുകളില്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന് ബോധ്യപ്പെട്ടു. സംശയം തോന്നിയതുകൊണ്ടാണ് പരാതി നല്‍കിയതെന്നും ഇദ്ദേഹം പറഞ്ഞു.
പ്രതികളില്‍ രണ്ട് പേര് മറ്റ് കേസുകളിലും ഉള്‍പ്പെട്ടവരാണ്. ജോമോന്റെ സുവിശേഷം എന്ന സിനിമ ഡൗണ്‍ലോഡ് ചെയ്തതിന് ഒരാള്‍ക്കെതിരെയും കടയില്‍ നിന്ന് പണം അപഹരിച്ചതിന് മറ്റൊരാള്‍ക്കെതിരെയും നേരത്തെ പരാതികള്‍ ഉണ്ടായിരുന്നു.
എന്നാല്‍ പ്രതികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്. നിരവധി പേര് ഇവര്‍ക്കെതിരെ പരാതിയുമായി എത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ ഇതുപോലെ എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിയുവെന്ന് പോലിസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: