കൊല്ലം: മേവറം ബൈപ്പാസിന് സമീപം അയത്തില്‍ ജങ്ഷനില്‍ അറവുമാടുകളുടെ കൂട്ടത്തില്‍ നിന്നും വിരണ്ടോടിയ പോത്ത് ഏറെനേരം വഴിയാത്രക്കാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി. ബൈപാസിലെ വാഹനഗതാഗതം അരമണിക്കൂര്‍ തടസ്സപെട്ടു.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. പെരുനാള്‍, ഓണദിനങ്ങളായതിനാല്‍ ഏറെ തിരക്കുള്ള സമയമായിരുന്നു. പോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ മാര്‍ക്കറ്റില്‍ എത്തിയ സ്ത്രീകളടക്കം ഓടി. ബൈപാസില്‍ ഒരുകിലോമീറ്ററോളം ഓടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി. യാതൊരു മുന്‍കരുതലും ഇല്ലാതെ നിയമലംഘനം നടത്തിയാണ് അറവുമാടുകളെ സ്വകാര്യമെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഒഴിഞ്ഞ പ്രദേശത്തു കശാപ്പിനായി കൊണ്ടിറക്കുന്നത്. രാത്രിയും പകലും അറവുമാടുകള്‍ തിരക്കുള്ള ബൈപാസ് റോഡില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതിലാല്‍ ഇരുചക്രവാഹനക്കാരടക്കം നിരവധിപേരാണ് ഇവിടെ അപകടത്തില്‍പെടുന്നത്.
















