കോട്ടയം: തിരുനക്കര ഭാരത് ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ആസാദ് ലെയിൻ ചൈതന്യയിൽ (കാരാപ്പുഴ അറയ്‌ക്കൽ) പരേതനായ അഡ്വ.വി.കെ നാരായണ പിള്ളയുടെ മകൻ ഡോ.എ.എൻ വിശ്വനാഥൻപിള്ള (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് മൂന്നു മണിക്ക് കോടിമത സുമംഗലി ഓഡിറ്റോറിയം വളപ്പിൽ നടക്കും.
ചാലക്കുടി അരിയൻപറമ്പിൽ പരേതനായ ദിവാകരമേനോന്റെ മകൾ രേണുക വിശ്വനാഥനാണ് ഭാര്യ. ഭാരത് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ.വിനോദ് വിശ്വനാഥനാണ് മകന്‍. ഭാരത് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സ്മിത വിശ്വനാഥൻ മകളുമാണ്. വിശ്വനാഥൻപിള്ളയുടെ മരണത്തെ തുടര്‍ന്ന് ഭാരത് ആശുപത്രി ഒപി ഇന്ന് അവധിയായിരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ അറിയിച്ചു.
ആതുര സേവന രംഗത്ത് കോട്ടയം ജില്ലയുടെ ആധുനിക മുഖമായിരുന്നു ഭാരത് ആശുപത്രിയും വിശ്വനാഥൻ ഡോക്ടറും. അരനൂറ്റാണ്ടിന്റെ ചരിത്രമുള്ള ഭാരത് ആശുപത്രിയുടെ പേരും പെരുമയും ജില്ലയ്‌ക്കു പുറത്തേയ്‌ക്കു കൂടി വ്യാപിപ്പിച്ചാണ് വിശ്വനാഥൻ ഡോക്ടർ മടങ്ങുന്നത്. 1969 ൽ തിരുനക്കര ബസ്‌സ്റ്റാൻഡിനു സമീപത്തെ ബോട്ട് ഹൗസ് കെട്ടിടത്തിൽ ചെറിയ ക്ലിനിക്കായാണ് ആദ്യം ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.
ആന്ധ്ര കാക്കിനാട മെഡിക്കൽ കോളേജിൽ നിന്നു എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം സ്വന്തം നാട്ടുകാരെ സേവിക്കുന്നതിനു വേണ്ടിയാണ് തിരുനക്കരയിൽ സ്വന്തം നിലയിൽ ക്ലിനിക്ക് ആരംഭിച്ചത്. കൈപ്പുണ്യമുള്ള ഡോക്ടറെന്നു പേരെടുത്തതോടെ നഗരത്തിനു പുറത്തു നിന്നും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നു പോലും രോഗികൾ വിശ്വനാഥൻ ഡോക്ടറെ തേടിയെത്തി. ഡോക്ടറെ തേടിയെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതിന് അനുസരിച്ചു ആശുപത്രിയും സ്വാഭാവികമായും വലുതായി.
1982 ൽ തിരുനക്കര ആസാദ് ലെയിനിലെ സ്വന്തം കെട്ടിടത്തിലേയ്‌ക്കു ആശുപത്രി മാറി. പിന്നെ കണ്ടത് ചരിത്രമായിരുന്നു. ആധുനിക ചികിത്സാ സംവിധാനങ്ങളെല്ലാം പിന്നെ ആശുപത്രിയിലേയ്‌ക്ക് എത്തിച്ചു. ഹൃദയചികിത്സ അടക്കമുള്ള എല്ലാ ആധുനിക സംവിധാനങ്ങളും ആശുപത്രിയുടെ കെട്ടിടത്തിനുള്ളിൽ ഒരുങ്ങി. മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായിരുന്ന ആശുപത്രി ഇന്ന് സൂപ്പർ സ്പെഷ്യാലിറ്റിയായി വളർന്നു.
സാമൂഹിക സേവന രംഗത്തും ഭാരത് ആശുപത്രിയും, വിശ്വനാഥൻ ഡോക്ടറും നിറഞ്ഞു നിന്നിരുന്നു. നിർധനരായ രോഗികൾക്കു സൗജന്യ ചികിത്സയും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു ചികിത്സാ ഇളവുകളും വിശ്വനാഥൻ ഡോക്ടറുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ അനുവദിക്കപ്പെട്ടിരുന്നു. ആശുപത്രിയിലെ ഓരോ ജീവനക്കാരെയും പേരെടുത്തു വിളിക്കാനുള്ള അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു.
ഡോക്ടറെന്ന നിലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന കൈപ്പുണ്യം തന്നെയാണ് ആശുപത്രിയുടെ വളർച്ചയിൽ ഏറെ നിർണ്ണായകമായത്. ആതുര സേവന രംഗത്ത് മാത്രമല്ല, കോട്ടയം നഗരത്തിലെ സാംസ്‌കാരിക മേഖലയിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. തിരുനക്കര ക്ഷേത്ര ഉത്സവത്തിന്റെ എല്ലാ മേഖലയിലും സജീവ സാന്നിധ്യമായി വിശ്വനാഥൻ ഡോക്ടറുണ്ടായിരുന്നു. അതുപോലെ തന്നെ സാമുദായിക പ്രവർത്തന രംഗത്തും ഇദ്ദേഹം സജീവമായിരുന്നു.
















