കട്ടപ്പന: കട്ടപ്പന നഗരസഭയുടെ ചെയര്‍മാനായി കേരളാ കോണ്‍ഗ്രസ്സ് (എം) ലെ അഡ്വ. മനോജ് എം തോമസിനെ തെരഞ്ഞെടുത്തു. കട്ടപ്പന നഗരസഭാ ഹാളില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 14 നെതിരെ 18 വോട്ടിനാണ് മനോജ് വിജയിച്ചത്. 34 അംഗ ഭരണസമിതിയില്‍ ബിജെപിയിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
രാജിവെച്ച ചെയര്‍മാന്‍ ജോണി കുളംപള്ളിയാണ് മനോജിന്റെ പേര് നിര്‍ദ്ദേശിച്ചത്. വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ പിന്‍താങ്ങി. മനോജിനെതിരെ മത്സരിച്ച സി.പിഎമ്മിലെ എം.സി.ബിജുവിന്റെ പേര് ഗിരിഷ് മാലി നിര്‍ദ്ദേശിച്ചു. സി.കെ. മോഹനന്‍ പിന്‍താങ്ങി.
ഹൈറേഞ്ചിലെ പ്രഥമ നഗരസഭയായ കട്ടപ്പന നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.മനോജ് എം തോമസ് വരണാധികാരിയായിരുന്ന മൂന്നാര്‍ ലാന്റ് അസൈന്‍മെന്റ് ഡ്യെപൂട്ടി കളക്ടര്‍ ഷീലാദേവി മുമ്പാകെ സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റു. നഗരസഭയുടെ പ്രഥമാധ്യക്ഷനായിരുന്ന ജോണി കുളംപള്ളി യു.ഡി.എഫ.് മുന്നണി ധാരണ പ്രകാരം രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.
യുഡിഎഫില്‍ കോണ്‍ഗ്രസിന് 12ഉം കേരളാ കോണ്‍ഗ്രസിന്(എം) അഞ്ചും സീറ്റാണുള്ളത്. കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തെ പ്രതിനിധികരിക്കുന്ന എമിലി ചാക്കോയുടെ പിന്തുണയും യുഡിഎഫിനായിരുന്നു. ഇടതുപക്ഷത്ത് സിപിഎമ്മിന് ആറും സിപിഐക്ക് മൂന്നും ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് അഞ്ചും സീറ്റാണുള്ളത്. ബിജെപിക്ക് രണ്ട് അംഗങ്ങളുമുണ്ട്.
















