മുംബൈ: ആര്‍എസ്എസ് ആചാര്യനും ഏകാത്മ മാനവ ദര്‍ശനത്തിന്റെ പ്രണേതാവുമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യയുടെ കൃതികള്‍ മഹാരാഷ്‌ട്രയിലെ മുഴുവന്‍ ലൈബ്രറികളിലും എത്തിക്കാന്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ ഒരുങ്ങുന്നു.
സംസ്ഥാനത്ത് 12000 ലൈബ്രറികളാണ് ഉള്ളത്. ഇവിടങ്ങളില്‍ എല്ലാം ഉപാദ്ധ്യായയുടെ കൃതികള്‍ സൗജന്യമായി ലഭ്യമാക്കും. ഇതിന് നാലു കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ദര്‍ശനപരമായ മുഴുവന്‍ കൃതികളും 15 വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയാണ് ലൈബ്രറികളില്‍ എത്തിക്കുക.1940 മുതല്‍ 68 വരെയുള്ള കൃതികളാണിവ. പ്രഭാത് പബ്‌ളിഷേഴ്‌സ് പ്രസിദ്ധീകരിച്ച മഹേഷ് ചന്ദ്ര ശര്‍മ്മ എഡിറ്റ് ചെയ്ത് പുസ്തകങ്ങളാണ്.
നേരത്തെ ഗാന്ധിജി, ഡോ. ബാബാ സഹേബ് അംബേദ്ക്കര്‍, മഹാത്മാ ഫൂലെ, ബാലഗംഗാധര തിലകന്‍ തുടങ്ങിയവരുടെ കൃതികള്‍ സര്‍ക്കാര്‍ സൗജന്യമായി ലൈബ്രറികളില്‍ എത്തിച്ചിരുന്നു. മഹാത്മാക്കളുടെ കൃതികളും അവരുടെ ദര്‍ശനങ്ങളും ജനങ്ങളില്‍ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതും.
യുപി സര്‍ക്കാര്‍ അടുത്തിടെ മുഗള്‍ സരായി റെയില്‍വേ സ്‌റ്റേഷന് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യയയുടെ പേരിട്ടിരുന്നു.
















