തൊടുപുഴ: കളക്ടറുടെയും പൊതുമരാമത്തിന്റെയും ഉത്തരവ് കാറ്റില്‍ പറത്തി വാട്ടര്‍ അതോറിറ്റി. ഇടവെട്ടി പഞ്ചായത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കാരിക്കോട്-കുന്നം റോഡ് കുത്തിപ്പൊളിച്ചു. ചാലംകോട് ക്ഷേത്രത്തിന്റെ സമീപത്തായി വരുന്ന 150 മീറ്ററോളം റോഡിന്റെ വശമാണ് പൈപ്പിടുന്നതിനായി കുഴിച്ചിട്ടിരിക്കുന്നത്.
മഴക്കാലം ആരംഭിച്ചപ്പോള്‍ തന്നെ ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കളക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇത് വകവയ്‌ക്കാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണി തുടരുകയായിരുന്നു. ജൂലൈ ആദ്യവാരത്തോടെ ഇതേ റോഡിന്റെ തന്നെ തൊണ്ടിക്കുഴ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഭാഗം പൈപ്പിടുന്നതിനായി കുഴിച്ചിരുന്നു. നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവയ്‌പ്പിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഞായറാഴ്ച വീണ്ടും പണി ആരംഭിച്ചത്. അവധി ദിവസം മുതലെടുത്ത് പണി നടത്താനായിരുന്നു നീക്കം. പൈപ്പിടുന്നതിന്റെ ഭാഗമായി റോഡ് കുത്തിപ്പൊളിച്ചതോടെ മേഖലയിലെ കുടിവെള്ളവും മുടങ്ങിയിരിക്കുകയാണ്.
റോഡിന്റെ വശം ചെളിനിറഞ്ഞ് കിടക്കുന്നതിനൊപ്പം പൈപ്പ് പൊട്ടിയുള്ള വെള്ളവും ഇതിലെ ഒഴുകുന്നുണ്ട്. ദിവസങ്ങളായി ശക്തമായ മഴ രേഖപ്പെടുത്തുന്ന മേഖലയില്‍ ഉത്തരവുകള്‍ മറികടന്ന് നിര്‍മ്മാണം നടത്തിയ സംഭവത്തില്‍ നാട്ടുകാര്‍ക്കും എതിര്‍പ്പുണ്ട്. പൊതുമരാമത്ത് റോഡ് അനുമതിയില്ലാതെ കുത്തിപ്പൊളിച്ച സംഭവത്തില്‍ അടിയന്തിരമായി പണി നിര്‍ത്തി വയ്‌ക്കുവാന്‍ നിര്‍ദ്ദേശിച്ചതായി അസി.എഞ്ചിനീയര്‍ ശാരദ പ്രതികരിച്ചു.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ ഓവര്‍സിയറെ ചുമതലപ്പെടുത്തിയതായും എഇ പറഞ്ഞു.
















