തലശ്ശേരി: കേരളത്തിലെ ഏറ്റവും മികച്ച ഹൗസിംഗ് സഹകരണ സംഘങ്ങള്‍ക്കുള്ള 2016-17 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് തുടര്‍ച്ചയായി പതിനൊന്നാം തവണയും കതിരൂര്‍ ഹൗസിംഗ് സൊസൈറ്റിക്ക് ലഭിച്ചതായി ബാങ്ക് പ്രസിഡണ്ട് എ.വാസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2016-17 വര്‍ഷത്തില്‍ 181 വീടുകള്‍ക്കായി 8 കോടി രൂപ വായ്‌പനല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 207 പ്രാഥമിക ഹൗസിംഗ് സൊസൈറ്റികളില്‍നിന്നാണ് കതിരൂര്‍ സൊസൈറ്റിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
ആകെ 8829 അംഗങ്ങളില്‍നിന്നായി ഒന്നേകാല്‍കോടി രൂപ ഓഹരി മൂലധനവും ഇരുപത്തിരണ്ടരകോടി രൂപ പ്രവര്‍ത്തന മൂലധനവും ഈ സൊസൈറ്റിക്കുണ്ട്. ഇതുവരെ 5473 വീടുകള്‍ക്ക് 71 കോടി രൂപ വായ്‌പ നല്‍കുകയും 21 കോടി രൂപ ബാക്കിനില്‍ക്കുകയും ചെയ്യുന്നുണ്ട്.
26ന് എറണാകുളത്ത് നടന്ന ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ അഡ്വ.ഇബ്രാഹിം കുട്ടിയില്‍ നിന്ന് സൊസൈറ്റി പ്രസിഡണ്ട് എ.വാസുവും സെക്രട്ടറി പി.രാജേന്ദ്രനും ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. വാര്‍ത്താ സമ്മേളനത്തില്‍ എ.വാസു, പി.രാജേന്ദ്രന്‍, ഒ.രാജന്‍, പി.പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.
















