കണ്ണൂര്‍: ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതി കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോട് സ്വദേശി ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമഗ്രഅന്വേഷണത്തിന് രഹസ്യാന്വേഷണ വിഭാഗം. ഐഎസ് ബന്ധം സ്ഥിരീകരിച്ച് ഇസ്താംബൂളില്‍ അറസ്റ്റിലായ ഷാജഹാനെ തുര്‍ക്കി പോലീസ് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ദല്‍ഹിയില്‍ വെച്ച് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.
രണ്ട് തവണ ഷാജഹാന്‍ തുര്‍ക്കിയിലെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിമാസത്തിലാണ് ഇയാള്‍ ഭാര്യയെയും കൂട്ടി തുര്‍ക്കിയിലെത്തിയത്. ഇരുവരെയും പിടികൂടിയ തുര്‍ക്കി പോലീസ് ചോദ്യം ചെയ്ത ശേഷം ദല്‍ഹിയിലേക്ക് വിമാനം കയറ്റിവിടുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയെ വീട്ടിലാക്കിയ ഷാജഹാന്‍ ചെന്നൈയിലത്തി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ഏപ്രില്‍ മാസം വീണ്ടും തുര്‍ക്കിയിലേക്ക് കടക്കുകയായിരുന്നു. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, മാണിയൂര്‍ സ്വദേശി അബ്ദുള്‍ഖയൂം എന്നിവരും ഷാജഹാന്റെ കൂടെയുണ്ടായിരുന്നു.
മൂവര്‍ സംഘത്തിലെ അബ്ദുള്‍ഖയൂം സിറിയയിലേക്ക് കടന്നെങ്കിലും ഷാജഹാനും അബ്ദുള്‍ റസാഖും പോലീസിന്റെ പിടിയിലായി. ദല്‍ഹിയില്‍ അറസ്റ്റിലായ ഷാജഹാന്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. ഐഎസ് ബന്ധത്തിന്റെ പേരില്‍ ഒരു തവണ തിരിച്ചയക്കപ്പെട്ടയാള്‍ എങ്ങിനെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഷാജഹാന് വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കാന്‍ സഹായിച്ചവരെകുറിച്ചും അന്വേഷിക്കും. ഇന്ത്യയില്‍ നിന്നും വ്യാജപാസ്‌പോര്‍ട്ടുണ്ടാക്കി തുര്‍ക്കിയിലെത്തിയ ഷാജഹാന്‍ അറസ്റ്റിലായിരുന്നില്ലെങ്കില്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തിച്ചേരുമായിരുന്നു.
ഏതു വിധേനയും സിറിയയിലത്തിച്ചേരുകയെന്നതായിരുന്നു ഷാജഹാന്റെ ലക്ഷ്യം. മുണ്ടേരിയില തന്റെ വീടിന് ഇസ്ലാമിക രാഷ്‌ട്രം എന്ന അര്‍ത്ഥം വരുന്ന ദാറുല്‍ ഷറഫ് എന്നാണ് ഷാജഹാന്‍ പേരിട്ടത്.
കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി, വളപട്ടണം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രമാക്കി നിരവധിയാളുകളെ ഷാജഹാന്‍ ഐസിലേക്ക് റിക്രൂട്ട് ചെയ്തതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയവര്‍ തമ്മില്‍ സജീവബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു പ്രദേശം രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ പുതിയ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റുകയാണ് ഇവരുടെ രീതി. തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ എന്‍ഐഎ അന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയതോടെയാണ് പാപ്പിനിശ്ശേരി, മക്രേരി മേഖലയിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിയത്.
















