കട്ടപ്പന: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍, ബാറുകള്‍ തുറക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചെറുതോണിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവര്‍ജ്ജനം തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് നിയമപരമായി അനുവാദം കൊടുക്കാന്‍ കഴിയുന്ന ബാറുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് ബാറുകള്‍ക്ക് ഇപ്പോള്‍ ലൈസന്‍സ് നല്‍കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന അത്രയും ബാറുകള്‍ ഒരിക്കലും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.
ബാലാവകാശകമീഷന്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സിപിഐ കത്ത് നല്‍കിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം, കമ്മീഷന്‍ അംഗത്വം ആവശ്യപ്പെട്ട് അവര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായം മാനിച്ചല്ല, മറിച്ച് യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
















