ഗ്ലാസ്‌ക്കോ: ഇന്ത്യയുടെ സൈന നെവാള്‍ ലോക ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ പൊരുതിത്തോറ്റു. ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സൈനയെ തോല്‍പ്പിച്ചത്. തോറ്റെങ്കിലും സൈനയ്‌ക്ക് വെങ്കലം ലഭിക്കും.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 21-12,17-21,10-21 എന്ന സ്‌കോറിനാണ് സൈന കീഴടങ്ങിയത്. മത്സരം 74 മിനിറ്റ് നീണ്ടു.ആദ്യ സെറ്റില്‍ സൈന തകര്‍ത്തുകളിച്ചു. തുടക്കത്തില്‍ 8-2 ന് മുന്നിലെത്തി. പിന്നീട് ലീഡ് 11-6 ആയി ഉയര്‍ത്തി. ലീഡ് നിലനിര്‍ത്തിയ സൈന 21-12 ന് സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ നൊസോമി ശക്തമായി തിരിച്ചുവന്നു. 3-0 ന് മുന്നിലായ അവര്‍ക്കൊപ്പമെത്താന്‍ സൈനയും പൊരുതി. പക്ഷെ ലീഡ് നിലനിര്‍ത്തിയ നൊസോമി 17 പോയിന്റുകള്‍ വിട്ടുകൊടുത്ത് സെറ്റ് നേടി.
നിര്‍ണായകമായ മൂന്നാം സെറ്റില്‍ നൊസോമി ആദ്യ പോയിന്റു നേടി.മനോഹരമായോരു പ്ലേസിങ്ങിലൂടെ സൈന പോയിന്റു നേടി ഒപ്പമെത്തി. പിന്നീട് നൊസോമിയുടെ മുന്നേറ്റമാണ് കണ്ടത്.തുടരെ തുടരെ പോയിന്റു കള്‍ നേടിയ ജപ്പാന്‍ താരം അനായാസം സെറ്റ് നേടി ഫൈനലില്‍ കടന്നു. സ്‌കോട്ടിഷ് താരമായ ക്രിസ്റ്റി ഗില്‍മോറിനെ ശക്തമായ പോരാട്ടത്തില്‍ കീഴടക്കിയാണ് സൈന സെമിയില്‍ കടന്നത്. മൂന്ന് സെറ്റ് ദീര്‍ഘിച്ച മത്സരത്തില്‍ 21-19,18-21,21-15 എന്ന സ്‌കോറിനാണ് സൈന വിജയിച്ചത്.
പുരുഷ വിഭാഗത്തിലെ നിലവിലുളള ചാമ്പ്യനായ ചെന്‍ ലോങ് സെമിഫൈനലില്‍ തോറ്റു. മൂന്നാം സീഡായ വിക്ടര്‍ അക്‌സല്‍സെന്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ചെന്‍ ലോങ്ങിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-9,21-10.
















