കരുനാഗപ്പള്ളി: പാട്ട്പാടി നേടിയെടുത്ത വരുമാനം കൊണ്ട് സഹപാഠികള്‍ക്ക് ഓണക്കോടി നല്‍കി വേറിട്ട മാതൃകയാവുകയാവുകയാണ് കരുനാഗപ്പള്ളി യുപിജി സ്‌കൂള്‍.
സ്‌കൂളിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്‌കൂള്‍ എസ്എംസിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് സ്‌കൂളിന്റെ പേരില്‍ പ്രത്യേക മ്യൂസിക് ബാന്റ് രൂപീകരിച്ചത്.
പ്രൊഫഷണല്‍ ഗായക സംഘമായി രൂപപ്പെടുത്തിയ മ്യൂസിക് സംഘം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സ്‌കൂള്‍ പിടിഎ അംഗമായ ഗായിക ശുഭ, പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗായകനുമായ അയ്യപ്പന്‍ എന്നിവരാണ് പാട്ടുസംഘത്തിന് നേതൃത്വം നല്‍കുന്നത്.
ഈ ഗാനമേള സംഘം നിരവധി സ്ഥലങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഇതിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് ഓണനാളില്‍ സഹപാഠിക്ക് ഓണക്കോടി പദ്ധതി നടപ്പിലാക്കിയത്.
അത്തം നാളില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഓണക്കോടി വിതരണ ചടങ്ങ് ഗായക സംഘത്തിന്റെ ഗാനാലാപനത്തോടെയാണ് ആരംഭിച്ചത്. എസ്എംസി വൈസ് ചെയര്‍മാന്‍ വിനീത് അദ്ധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ എന്‍.സി. ശ്രീകുമാര്‍ ഓണപ്പുടവകള്‍ വിതരണം ചെയ്തു. അജയന്‍ സാഗ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ എസ്.ശക്തികുമാര്‍, ഹെഡ്മിസ്ട്രസ് ആര്‍.ശോഭ, എസ്എംസി അംഗങ്ങളായ രാജഗോപാല്‍, എം.സുരേഷ് കുമാര്‍, രാജീവ് എന്നിവര്‍ സംസാരിച്ചു.
















