കൊച്ചി: മുതിര്‍ന്നവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുന്നതിനുള്ള അമൃത യൂണിവേഴ്‌സിറ്റിയുടെ ആന്‍ഡ്രോയിഡ് അധിഷ്ഠിത പഠന ആപ്പായ അമൃത ലേണിങ് റീഡിങ് ആപ്പ് ബാര്‍ബറ ബുഷ് ഫൗണ്ടേഷന്‍ അഡല്‍റ്റ് ലിറ്ററസി എക്‌സ്‌പ്രൈസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.
നിരക്ഷരരായ മുതിര്‍ന്നവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന, 70 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള, യുഎസിലെ ആഗോള മല്‍സരമാണിത്. മുതിര്‍ന്നവരിലെ സാക്ഷരത 12 മാസത്തിനുള്ളില്‍ വര്‍ധിപ്പിക്കുന്നതിനുള്ള പഠന ആപ്പ് വികസിപ്പിക്കുന്ന മല്‍സരത്തില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 109 ടീമുകളില്‍ നിന്ന് എട്ടു സെമിഫൈനലിസ്റ്റുകളെ ലോസ് ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഏഷ്യയില്‍ നിന്നും സെമിയിലെത്തിയ രണ്ടു ടീമുകളില്‍ ഒന്നാണ് അമൃത. ഹോങ്കോങില്‍ നിന്നുള്ളതാണ് മറ്റൊന്ന്. ബാക്കി ആറു സെമിഫൈനലിസ്റ്റുകളും യുഎസില്‍ നിന്നാണ്.
വിദ്യാഭ്യാസ സാങ്കേതിക ലാബായ അമൃത ക്രിയേറ്റിലെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ ഫലമാണ് ഈ നേട്ടമെന്നും അമൃത റൂറല്‍ ഇന്ത്യ ടാബ്ലറ്റ് അധിഷ്ഠിത വിദ്യാഭ്യാസം (ആര്‍ഐടിഇ) എന്ന പേരില്‍ ഉള്‍ഗ്രാമങ്ങളില്‍ ടാബ്ലറ്റ് അധിഷ്ഠിത വിദ്യാഭ്യാസം നല്‍കി വരുന്നുണ്ടെന്നും അമൃത യൂണിവേഴ്‌സിറ്റി വി.സി വെങ്കട്ട് രംഗന്‍ പറഞ്ഞു.
















