സൂറിച്ച്: സൂറിച്ച് ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ 100 മീറ്ററിലെ ലോകചാമ്പ്യന്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന് തോല്‍വി. അതേസമയം തന്റെ അവസാന മീറ്റിനിറങ്ങിയ ബ്രിട്ടന്റെ മാഫറ 5000 മീറ്ററില്‍ സ്വര്‍ണ്ണം നേടി ട്രാക്കിനോട് വിടപറഞ്ഞു.
പുരുഷന്മാരുടെ 100 മീറ്ററില്‍ ബ്രിട്ടന്റെ ചിജിന്‍ഡു ഉചയാണ് ഗാറ്റ്‌ലിനെ അട്ടിമറിച്ച് പൊന്നണിഞ്ഞത്. ചിജിന്‍ഡു 9.97 സെക്കന്‍ഡില്‍ ഒന്നാമതെത്തിയപ്പോള്‍ ഗാറ്റ്‌ലിന്‍ 10.01 സെക്കന്‍ഡില്‍ നാലാമാതാണ് ഫിനിഷ് ചെയ്തത്. ഐവറികോസ്റ്റിന്റെ ബെന്‍ യൂസഫ് വെള്ളി നേടി.
പുരുഷന്മാരുടെ 5000 മീറ്ററില്‍ 13:06.05 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഫറ തന്റെ അവസാന ട്രാക്ക് ഇവന്റ് അവിസ്മരണീയമാക്കി മാറ്റിയത്. കഴിഞ്ഞ ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഫറ ലോക ചാമ്പ്യന്‍ എത്യോപ്യയുടെ മുക്താര്‍ എഡ്‌റിസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. സ്വര്‍ണ്ണത്തോടെ ട്രാക്ക് വിട്ട ഫറ ഇനി മരത്തോണില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് പറഞ്ഞു.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഓസ്‌ട്രേലിയയുടെ സാലി പിയേഴ്‌സണ്‍ സ്വര്‍ണ്ണം നേടി. 800 മീറ്ററില്‍ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യക്ക് സ്വര്‍ണ്ണം.
















