ഗ്ലാസ്‌ക്കോ: ഇന്ത്യയുടെ പ്രതീക്ഷയായ പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. ഇതോടെ സിന്ധുവിന് മെഡല്‍ ഉറപ്പായി. അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായി.
ചൈനയുടെ സണ്‍ യുവിനെ അനായാസം മറികടന്നാണ് നാലാം സീഡായ സിന്ധു അവസാന നാലുതാരങ്ങളില്‍ ഒന്നായത്. 21-14,21-9 എന്ന സ്‌കോറിനാണ് സിന്ധു ജയിച്ചുകയറിയത്.
ലോക ചാമ്പ്യഷിപ്പില്‍ രണ്ടു തവണ വെങ്കല മെഡലും ഒളിമ്പിക്‌സില്‍ വെളളിമെഡലും നേടിയ സിന്ധു സെമിയില്‍ നിലവിലുളള ജൂനിയര്‍ ചാമ്പ്യനും ഒമ്പതാം സീഡുമായ ചൈനയുടെ ചെന്‍ യുഫിയെ നേരിടും.
ഈ സീസണില്‍ ഒട്ടേറെ വിജയങ്ങള്‍ നേടി മുന്നേറിയ ശ്രീകാന്തിനെ ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് സണ്‍ വാന്‍ ഹോ തോല്‍പ്പിച്ചു. തുടര്‍ച്ചയായ പതിമൂന്ന് വിജയങ്ങള്‍ക്കുശേഷം ശ്രീകാന്തിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ സിന്ധു 3-1 ന്റെ ലീഡ് നേടി. ലീഡ് നിലനിര്‍ത്തിയ സിന്ധു 19 മിനിറ്റില്‍ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിലും സിന്ധു തുടക്കം മുതല്‍ മുന്നേറി. ഒമ്പതു പോയിന്റു മാത്രം വിട്ടുകൊടുത്ത് രണ്ടാം സെറ്റും നേടി സെമിയില്‍ കടന്നു. നാല്‍പ്പത്തിയൊന്‍പതു മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-14,21-18 എന്ന സ്‌കോറിനാണ് സണ്‍ വാന്‍ ശ്രീകാന്തിനെ കീഴടക്കിയത്.
തുടക്കത്തില്‍ തന്നെ സണ്‍ വാന്‍ 6-1ന് മുന്നിലെത്തി. പൊരുതിക്കയറിയ ശ്രീകാന്ത് ലീഡ് 5-6 ആയികുറച്ചു. ഒരുഘട്ടത്തില്‍ ശ്രീകാന്ത് സണ്‍ വാനിനൊപ്പം എത്തി (8-8). പക്ഷെ പിന്നീട് പിടിവിട്ടു.21-14 ന് ആദ്യ സെറ്റ് സണ്‍ നേടി. രണ്ടാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്.എന്നാല്‍ അവസാന നിമിഷങ്ങളില്‍ ശ്രീകാന്ത് പിന്നാക്കം പോയി.18 പോയിന്റു വിട്ടുനല്‍കി സണ്‍ സെറ്റ് നേടി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.
















