ന്യൂദല്‍ഹി: ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രവേശനം വിലക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നിരസിച്ചത്.
സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച കാര്യപത്രികയില്‍ ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നത് വിലക്കിയിരുന്നു. ഇത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് എ.കെ. സിക്രിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
ഇതിനിടെ, സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഹൈക്കോടതി നിര്‍ദേശിച്ച പുതിയ വ്യവസ്ഥകള്‍ക്കെതിരെ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. സ്‌പോട്ട് അഡ്മിഷന്‍ സംബന്ധിച്ചും ഫീസ് സംബന്ധിച്ചും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനോട് യോജിച്ചു പോകുന്നതല്ല ഹൈക്കോടതി നിര്‍ദേശങ്ങളെന്ന് മാനേജ്‌മെന്റുകള്‍ ആരോപിച്ചു. ഹര്‍ജി ഇന്ന് പരിഗണിക്കും.
















