കോഴിക്കോട്: ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളുമായി വീണ്ടും പൊന്നോണം വരുന്നു. അത്തം പത്തിന് പൊന്നോണം എന്ന പഴമൊഴിക്ക് ഇത്തവണ മാറ്റം. പതിനൊന്നാം നാളാണ് ഇത്തവണത്തെ തിരുവോണം.
മുറ്റത്ത് ചാണകം മെഴുകിയ കളത്തില്‍ തുമ്പയും തെച്ചിയും നന്ത്യാര്‍വട്ടവും കൊണ്ട് പൂക്കളം തീര്‍ത്തത് ഓര്‍മ്മ മാത്രമായി മാറുന്ന ഇക്കാലത്ത് മറുനാടന്‍ പൂക്കളെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പ്രധാന പൂ വിപണിയായ പാളയത്ത് ബുധനാഴ്ച രാത്രി തന്നെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പൂക്കളുമായി ലോറികള്‍ എത്തിത്തുടങ്ങി.
ചെട്ടി, ജമന്തി, അരളി, ചെണ്ടുമല്ലി, റോസ് തുടങ്ങിയ മറുനാടന്‍ പൂക്കളാണ് പാളയത്തെ വിപണിയെ സമൃദ്ധമാക്കുന്നത്. 40 രൂപ മുതല്‍ 100 രൂപ വരെയാണ് വിവിധ പൂക്കള്‍ക്ക് കിലോക്ക് ഈടാക്കുന്നത്. സന്ധ്യയാകുന്നതോടെ പാളയം ബസ് സ്റ്റാന്റും പരിസരവും പൂക്കച്ചവടക്കാരെക്കൊണ്ട് നിറയുകയാണ്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലേക്കും, സമീപ ജില്ലകളിലേക്കുമുള്ള പൂക്കള്‍ ഇവിടെ നിന്നാണ് ചെറുകിട കച്ചവടക്കാര്‍ കൊണ്ടുപോകുന്നത്. തിരുവോണം അടുക്കുന്നതോടെ പൂക്കള്‍ക്ക് വില കൂടാനാണ് സാധ്യത.
















