തൊട്ടില്‍പ്പാലം: വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുന്ന സ്‌കൂളുകള്‍ക്ക് പ്രധാനമന്ത്രി ഏര്‍പ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌ക്കാരത്തിന് എല്‍പി വിഭാഗത്തില്‍ കാവിലുംപാറ പഞ്ചായത്തിലെ കൂടലില്‍ ഗവ: എല്‍.പി സ്‌കൂള്‍ അര്‍ഹത നേടി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുരസ്‌കാരം. തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാലയങ്ങളില്‍ ഒന്നുകൂടിയായ കൂടലില്‍ എല്‍.പി 1974ലാണ് സ്ഥാപിതമായത്. പഠനപാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിവരുന്ന ജില്ലയിലെ മാതൃകാ വിദ്യാലയംകൂടിയാണിത്.
കുട്ടികളിലെ ശുചിത്വ ബോധം. ശുചിമുറികളുടെ ശുചിത്വം, പാചകപ്പുര, തുടങ്ങി സ്‌കൂളും പരിസരവും എല്ലാ അര്‍ത്ഥത്തിലും വൃത്തിയായി സൂക്ഷിക്കുന്നതായി സ്‌കൂളിലെത്തിയ അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. മികച്ചശുചിത്വ വിദ്യലയമാക്കുന്നതിനായി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പി.ടി.എയുടെയും ഒരുമയായ അര്‍പ്പണബോധമാണ് ദേശീയ പുരസ്‌ക്കാരം നേടാന്‍ സ്‌കൂളിനെ അര്‍ഹരാക്കിയത്. സപ്തംബര്‍ ഒന്നിന് പ്രധാനമന്ത്രിയില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ അവാര്‍ഡ് സ്വീകരിക്കും.സ്‌കൂള്‍ സ്മാര്‍ട്ട് വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് 8.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
















