കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്. എന്നാല്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയ ശ്രീലങ്ക ഒരു തിരിച്ചു വരവിനാണ് ശ്രമിക്കുന്നത്.
ധാംബുള്ളയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 216 റണ്‍സിന് ആള്‍ ഔട്ടായപ്പോള്‍ 127 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം.
ബാറ്റിംഗില്‍ തുടക്കത്തില്‍ ലഭിച്ച മുന്നേറ്റം നിലനിര്‍ത്തി കൊണ്ടു പോകാന്‍ സാധിക്കാത്തതിനാലാണ് കഴിഞ്ഞ ഏകദിനത്തില്‍ പരാജയപ്പെട്ടതെന്ന് ലങ്കന്‍ നായകന്‍ ഉപുള്‍ തരംഗ ടോസിന് ശേഷം പറഞ്ഞു.
തിസേര പെരേര, വനിഡു ഹസരംഗ, ലക്ഷണ്‍ സണ്ടക്കന്‍ എന്നിവര്‍ക്കു പകരം ദുശ്മന്ത ചമീര, അഖില ദനജ്ഞനേയ, സിരിവര്‍ഡന തുടങ്ങിയവര്‍ ശ്രീലങ്കന്‍ നിരയില്‍ കളിക്കും.
















