തലശ്ശേരി: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന്റെ ടയറിനടിയില്‍ ഞെരുങ്ങിയ കരിങ്കല്‍ച്ചീള് തെറിച്ച് ഖാദി ഓണം ഫെയര്‍ ഉത്ഘാടനത്തിനെത്തിയ സര്‍വോദയ സംഘം പ്രസിഡണ്ടിന്റെ മൂക്കും നെറ്റിയും തകര്‍ന്നു. വടകര പുറമേരിയിലെ പി.പ്രസാദിനാണ് ആഴത്തില്‍ മുറിവേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പുതിയ ബസ് സ്റ്റാന്റിനടുത്ത് ബൈപാസ് റോഡരികില്‍ ഇന്നലെ ഉദ്ഘാടനം ചെയ്യാനിരുന്ന ഓണം സ്‌പെഷല്‍ ഖാദി ഫെയര്‍ സ്റ്റാളില്‍ മുഖ്യാതിഥിയായ നഗരസഭാ ചെയര്‍മാനെ കാത്തിരിക്കുന്നതിനിടയിലാണ് പ്രസാദിന് അപകടം പറ്റിയത്. നേരത്തെയും ഈ ഭാഗത്ത് ഇത്തരം അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇവിടെയുള്ള ഒരു മെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരിയുടെ മുഖത്ത് കരിങ്കല്‍ ചീള് തെറിച്ചുള്ള മുറിവേറ്റ് ആഴ്ചകളോളം ചികിത്സയിലായിരുന്നു ഒരാഴ്ച മുന്‍പ് റോഡരികിലുടെ പോവുകയായിരുന്ന യാത്രക്കാരി കല്ലേറ് തട്ടി ബോധമറ്റ് വീഴുന്നതിനും ഈ ഭാഗത്തുള്ളവര്‍ സാക്ഷികളായുണ്ട്. ടാറിംഗ് ഇളകി ചിലയിടങ്ങളില്‍ പൊട്ടിത്തകര്‍ന്ന ഒ.വി.റോഡ്-പുതിയ ബസ്സ് സ്റ്റാന്റ് ബൈപാസിലൂടെ യാത്ര ചെയ്യുന്ന കാല്‍നടക്കാരും വശങ്ങളിലെ കച്ചവടക്കാരും ഏറെ ഭയപ്പാടിലാണുള്ളത്.
















