കൂത്തുപറമ്പ്: ലീഗ് നേതാവിന്റെ ബന്ധു യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി കെ.വി.നസീറിന്റെ സഹോദരന്‍ അഫ്‌സലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം ഇയാള്‍ നിരന്തരമായി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയം കാരണം തുടക്കത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായപ്പോഴാണ് യുവതി കൂത്തുപറമ്പ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. സ്റ്റേഷനില്‍ പരാതിയെത്തിയതോടെ അഫ്‌സലിനെ രക്ഷിക്കാന്‍ സന്തത സഹചാരിയായ കൂത്തുപറമ്പ് ആറാം വാര്‍ഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷമീര്‍ രംഗത്തെത്തുകയായിരുന്നു. ഇയാള്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം കൂടിയാണ്.
യുവതിയെ ഫോണില്‍ വിളിച്ച് കേസ് ഒതുക്കിത്തീര്‍ക്കണമെന്നും എത്ര പണം വേണമെങ്കിലും തരാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. താന്‍ കേസുമായി മുന്നോട്ട് പോവുകയാണെന്നും അഫ്‌സല്‍ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും യുവതി സിപിഎം നേതാവിനോട് ഫോണില്‍ പറയുകയും ചെയ്തു. ഇതു സംബന്ധിച്ച യുവതി കൂത്തുപറമ്പ് എസ്‌ഐ, സിഐ, ഡിവൈഎസ്പി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അഫ്‌സല്‍ നിരവധിപ്പേരെ ഇത്തരത്തില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്.
അഫ്‌സലിനതിരയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച സിപിഎം നേതാവിനെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി.സഞ്ജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.ഷിബിന്‍ എലാങ്കോട് അധ്യക്ഷത വഹിച്ചു. ലസിത പാലക്കല്‍, കെ.പി.മഞ്ജിത്ത്, കെ.സുബീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















