കണ്ണൂര്‍: നോര്‍ക്ക റൂട്ട്‌സ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതി പരിഷ്‌കരണം സംബന്ധിച്ച ഏകദിന ശില്‍പശാല 31 ന് ടാഗോര്‍ സെനറ്ററി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രവാസികളുടെ കണ്‍വെന്‍ഷന്‍ കണ്ണൂര്‍ സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ബാദുഷ കടലുണ്ടി, പ്രശാന്ത്, വിജു എന്നിവര്‍ സംസാരിച്ചു.
രണ്ട് വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. 20 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്‌പകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് 15% മൂലധന സബ്‌സിഡിയും മുടക്കം കൂടാതെ തിരിച്ചടക്കുന്നവര്‍ക്ക് ആദ്യത്തെ നാല് വര്‍ഷത്തേക്ക് പലിശ സബ്‌സിഡിയും അനുവദിക്കും. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് വേണ്ട പരിശീലനവും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കും. സഹകരണ ബാങ്കുകളെയും, മറ്റ് ബാങ്കുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനും, വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനും മറ്റു യോഗങ്ങളും നടത്തി പരിപാടിയില്‍ പ്രവാസികളുടെ നിറഞ്ഞ പങ്കാളിത്തം ഉറപ്പുവരുത്തുവാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
















