കട്ടപ്പന: ഏത്തയ്‌ക്കാ വില കുതിക്കുന്നു.ഓണമെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ വില ദിവസവും വര്‍ദ്ധിക്കുകയാണ്. ഏത്തയ്‌ക്കായ്‌ക്ക് 60 മുതല്‍ 62 വരെയും, നേന്ത്രപ്പഴത്തിന് 70 രൂപയുമാണ് വില. ഓണത്തിന് മുന്നോടിയായി ഉപ്പേരി, ശര്‍ക്കരവരട്ടി ഉള്‍പ്പെടെയുള്ളവ തയ്യാറാക്കുന്നതിനായി വ്യാപാരികള്‍ വിപണിയില്‍ സജീവമായതോടെ വില കുതിക്കുകയായിരുന്നു.
ഉപ്പേരിക്കും, ശര്‍ക്കരവരട്ടിക്കും കിലോഗ്രാമിന് 360 രൂപയാണ് ഇപ്പോഴത്തെ വില. ഓണമടുക്കുന്നതോടെ ഇത് അഞ്ഞൂറിനോട് അടുക്കുമെന്നാണ് സൂചന. ഇത്തവണ വേനല്‍ കടുത്തതായിരുന്നതിനാല്‍ ഏക്കറുകണക്കിന് കൃഷിയിടത്തെ ഏത്തവാഴക്കൃഷി കരിഞ്ഞുണങ്ങിയിരുന്നു. ഇത് ഉത്പാദനത്തെ സാരമായി ബാധിച്ചു. ഓണത്തോടനുബന്ധിച്ചാണ് ഏത്തവാഴ വിളവെടുപ്പ് കൂടുതലായി നടക്കുന്നത്. ഇത്തവണത്തെ കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് ഓണത്തേക്ക് വിളവെടുക്കാനായി നാട്ടുപരിപാലിച്ച കൃഷി ഒരു മാസം മുന്‍പേ വിളവെടുക്കേണ്ടി വന്നു.
ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൃഷി കൂടുതലായിരുന്നെങ്കിലും ഉത്പാദനം നന്നേ കുറവാണ്. നേന്ത്രക്കായ്‌ക്ക് വില വര്‍ദ്ധിച്ചതോടെ ചായക്കടകളിലെയും പ്രധാന വിഭവപഴം പൊരി പലഹാര തട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
















