തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ളത് പാവപ്പെട്ടവരുടെ സര്‍ക്കാരാണെന്ന അവകാശവാദം പൊള്ളയാണെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് രാജഗോപാല്‍ പറഞ്ഞു.
പാവങ്ങള്‍ക്ക് കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ്. മന്ത്രിയായ കെ.ടി. ജലീലിന്റെ മകള്‍ക്കു പോലും ആന്‍ഡമാനില്‍ പോയി മെഡിക്കല്‍ വിദ്യാഭ്യാസം നേടേണ്ട അവസ്ഥയാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ വിഷയത്തില്‍ പിന്തുടരുന്നത്. സഭ നിര്‍ത്തിവച്ച് വിഷയം അടിയന്തരപ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. അതിന് തയ്യാറാകാത്തതിനാലാണ് ഇറങ്ങിപ്പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















