തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ നശിപ്പിച്ചിട്ടില്ലെന്ന് പോലീസ്. ഫോണ്‍ നശിപ്പിച്ചതായി അഭിഭാഷകര്‍ നല്‍കിയ മൊഴി വിശ്വാസിക്കുന്നില്ല. ഫോണ്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പോലീസ്. കേസില്‍ ദിലീപിന്റെ മാനേജറായ അപ്പുണ്ണിക്കെതിരെയും അന്വേഷണം നടക്കുകയാണ്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് സത്യവാങ്മൂലം സമര്‍പ്പിക്കും.
ഹൈക്കോടതിയില്‍ ദീലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഈമാസം 18ന് വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലില്‍ ആയിരുന്നെന്നും പോലീസ് കോടതിയെ അറിയിക്കും. ഇതിന് മുമ്‌ബേ തന്നെ ചില മൊഴികള്‍ ദിലീപിനെതിരെ പ്രതികളില്‍ നിന്ന് കിട്ടിയിരുന്നെന്നും പോലീസ് അറിയിക്കും.
















