തൊടുപുഴ: കശാപ്പ് തൊഴിലാളിയായ യുവാവിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. ഇത് വരെ 50 അധികം പേരെ ചോദ്യം ചെയ്‌തെങ്കിലും കൊലപാതകിയിലേയ്‌ക്ക് എത്തുന്നതിന് വേണ്ട സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
അമയപ്ര തുരുത്തേല്‍ വിഷ്ണു(25)വിനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം കൊലയ്‌ക്ക് ഉപയോഗിച്ച നീളം കൂടിയ കൂര്‍ത്ത മുനയുള്ള കത്തിയാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ അറവ് ശാലകളില്‍ നിന്ന് കത്തികളെത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും ഇതും എങ്ങും എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തയാളെ പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇയാളിലേയ്‌ക്ക് എത്താനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ ഇയാളെ ജാമ്യത്തില്‍ വിട്ടിരുന്നു. കേസിന്റെ അന്വേഷണം ഇഴയുന്നതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.
















