ഇടുക്കി: അതിരപ്പിള്ളി പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് വൈദ്യുതിമന്ത്രി എം.എം മണി. പദ്ധതിയെ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ ഭരണത്തിലിരുന്നപ്പോള്‍ ഈ എതിര്‍പ്പുകളൊന്നും കണ്ടില്ലല്ലോയെന്ന് ചോദിച്ച മണി നിലവിലെ എതിര്‍പ്പിന് കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെതിരെയും മന്ത്രി രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയത്. കാനം ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പിന്നീട് അത് പാര്‍ട്ടി നിലപാടല്ലെന്നു പറഞ്ഞ് കൈകഴുകുകയും ചെയ്യും. ഇത് അത്ര ശരിയായ നടപടിയല്ലെന്നും മണി പറഞ്ഞു.
മുന്നണിക്കുള്ളിലുള്ളവര്‍ തന്നെ സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ത്തരുത്. പദ്ധതി നടപ്പിലാക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് തന്റെ വ്യക്തിപരമായ നേട്ടത്തിനല്ലെന്ന് വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണം. മലര്‍ന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവര്‍ക്ക് ഗുണകരമാകുമെന്ന് ഓര്‍ത്താല്‍ നന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സിപിഎമ്മിന്റെയും കെഎസ്‌ഇബിയുടെയും നിലപാട്. സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ അതിനെ നേരിടുമെന്നും മണി അറിയിച്ചു.
















