തൊടുപുഴ: യുവാവിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയിലെന്ന് സൂചന. ഉടുമ്പന്നൂര്‍ അമയപ്ര തുരുത്തേല്‍ വിഷ്ണു(25)വിനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ താമസിക്കുന്ന വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
നാല്‍പ്പതോളം പേരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്‌ട്രീയ വൈരമല്ല കൊലപാതകത്തിന് കാരണമെന്ന നിഗമനത്തിലെത്തിയത്. കശാപ്പ് ശാലയില്‍ ഉപയോഗിക്കുന്ന അറ്റം കൂര്‍ത്ത ആയുധം കൊണ്ടുള്ള കുത്തേറ്റാണ് ഇറച്ചിക്കട ജീവനക്കാരനായ വിഷ്ണു മരിച്ചത്.
പ്രതിയെന്ന് സംശയിക്കുന്നയാള്‍ പറഞ്ഞ ചില നുണകളാണ് കേസില്‍ വഴിതിരിവായതെന്നാണ് വിവരം. പ്രദേശത്ത് കശാപ്പ് നടത്തുന്നവരുടെ കയ്യില്‍ നിന്ന് ആറ് കത്തികള്‍ എത്തിച്ച് പോലീസ് പരിശോധിച്ചു. ഇതില്‍ സംശയം തോന്നിയ കത്തി എവിടെ നിന്നെന്ന ചോദ്യത്തിന് കൊല്ലനുണ്ടാക്കി തന്നതാണെന്ന് ഉടമ പറഞ്ഞു.
പോലീസ് കൊല്ലന്റെ അടുത്തെത്തിയെങ്കിലും താനുണ്ടാക്കിയതല്ല എന്നായിരുന്നു മറുപടി. സംശയിക്കുന്ന ആളുടെ മൊബൈല്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് നല്‍കാതെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്പി എന്‍.എന്‍. പ്രസാദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
















