കൊല്ലം: സംസ്ഥാനത്ത് 57 വകുപ്പുകള്‍ സമര്‍പ്പിച്ച ആഭ്യന്തര പരിശോധന റിപ്പോര്‍ട്ടില്‍ ഗുരതര വീഴ്ച കണ്ടെത്തി. വകുപ്പുകളില്‍ നടത്തിയ വിശദ പരിശോധനയിലും ധനകാര്യ വിഭാഗം റിവ്യൂ ഓഡിറ്റ് നടത്തിയപ്പോഴുമാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചല്ല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഇത് ഗൗരവമായി കാണുന്നുവെന്നും ഈ വകുപ്പുകള്‍ക്ക് ധനകാര്യ മന്ത്രാലയം നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
വാണിജ്യനികുതി, പോലീസ്, മൃഗസംരക്ഷണവകുപ്പ്, തൊഴില്‍, സഹകരണം, ഫിഷറീസ്, ഭക്ഷ്യസുരക്ഷ, വനം, പൊതുവിദ്യാഭ്യാസം, ഭൂജലവകുപ്പ്, ആര്‍ക്കിയോളജി, ജലവിഭവം, ലീഗല്‍ മെട്രോളജി, മൈനിംഗ് ആന്റ് ജിയോളജി, ദേശീയ സമ്പാദ്യപദ്ധതി, തുറമുഖം, പ്രിന്റിംഗ്, പൊതുമരാമത്ത്, ഗ്രാമീണ വികസനം, പട്ടികജാതി വികസനം, പട്ടിക ഗോത്രവര്‍ഗ്ഗ വികസനം, സാമൂഹ്യനീതി, സോയില്‍ സര്‍വെ, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, വിനോദ സഞ്ചാരം, ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ്, ട്രഷറി, വിജിലന്‍സ് ആന്റ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോ, വിഎച്ച്എസ്‌സി തുടങ്ങി 57 വകുപ്പുകള്‍ക്കെതിരെയാണ് പരാമര്‍ശം.
പ്രധാനമായും വകുപ്പുകളിലെ സാമ്പത്തിക വിനിയോഗമാണ് പരിശോധിക്കുന്നത്. ഇതോടൊപ്പം അച്ചടക്കലംഘനം നടത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും പരിശോധിക്കണം. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം പരിശോധനാ വിഭാഗം അലംഭാവം കാട്ടിയതായാണ് കണ്ടെത്തല്‍.
സാമ്പത്തിക ബാധ്യതയുള്ള ഉദ്യോഗസ്ഥര്‍ വിരമിക്കുമ്പോള്‍ ബാധ്യത രഹിത സര്‍ട്ടിഫിക്കേറ്റ് നല്‍കരുതെന്നാണ് ചട്ടം. എന്നാല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ പല റിപ്പോട്ടിലും ഉദ്യോഗസ്ഥരുടെ സാമ്പത്തിക ബാധ്യത വിവരങ്ങള്‍ ഒഴിവാക്കിയതായി കണ്ടെത്തി.
ആഭ്യന്തര പരിശോധന റിപ്പോര്‍ട്ടിനൊപ്പം ഓഫീസ് ചുമതലയുള്ള മേലധികാരിയുടെ ന്യൂനത റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കണമെന്നാണ് ചട്ടം. വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച ന്യൂനത റിപ്പോര്‍ട്ടില്‍ പോലും നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ല. വ്യക്തതയില്ലാതെയും വായിക്കാന്‍ സാധിക്കാത്ത രീതിയിലുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു.
ഇക്കാര്യങ്ങളെല്ലാം ഗുരുതര വീഴ്ചയായി കണ്ടെത്തിയ സര്‍ക്കാര്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇനിമുതല്‍ ആഭ്യന്തര പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അതിനൊപ്പം ഓഫീസ് ചുമതലയുള്ള മേലധികാരി ന്യൂനത റിപ്പോര്‍ട്ട് കുറിപ്പുകള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാതൃകയില്‍ വകുപ്പ് മേധാവിക്ക് അയച്ച് നല്‍കണം.
റിപ്പോര്‍ട്ടിന്റെ എല്ലാ പേജിലും ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തണം. വിശദമായി പരിശോധിച്ച ശേഷം വകുപ്പ് മേധാവികള്‍ കുറിപ്പുകള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ധനകാര്യവകുപ്പിലും ബന്ധപ്പെട്ട ഭരണവകുപ്പിനും നല്‍കണം. വീഴ്ച വരുത്തുന്ന ഓഫീസ് മേധാവികള്‍ വകുപ്പ് മേധാവികള്‍ക്കും വകുപ്പ് മേധാവികള്‍ സര്‍ക്കാരിനും വിശദീകരണം നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
















