ന്യൂദല്‍ഹി: അയോധ്യാ കേസിലെ അന്തിമ വാദം ഡിസംബര്‍ അഞ്ച് മുതല്‍ സുപ്രീം കോടതിയില്‍ ആരംഭിക്കും. ശ്രീരാമജന്മഭൂമി ഉള്‍പ്പെടെ 2.73 ഏക്കര്‍ പ്രദേശം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 13 അപ്പീലുകളിലാണ് പരിഗണിക്കുക. കേസ് ഇന്നലെ പരിഗണിച്ചെങ്കിലും രേഖകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ മൂന്നു മാസം സമയം അനുവദിച്ചു.
കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ 523 രേഖകളാണ് സമര്‍പ്പിച്ചത്. ഇവ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്താന്‍ നാലു മാസത്തെ സമയം ഹര്‍ജിക്കാന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി വന്ന് ഏഴു വര്‍ഷം കഴിഞ്ഞിട്ടും രേഖകള്‍ പരിഭാഷപ്പെടുത്താത്തതിനെ കോടതി വിമര്‍ശിച്ചു. ഇത്രസമയം ലഭിച്ചിട്ടും പരിഭാഷ പൂര്‍ത്തിയാക്കാത്തത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. 12 ആഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
രാംലാല, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്‌ക്കായി തര്‍ക്കപ്രദേശം വിഭജിച്ചാണ് ഹൈക്കോടതി വിധി. ഇതു ചോദ്യം ചെയ്ത് മൂന്നു കൂട്ടരും സുപ്രീംകോടതിയെ സമീപിച്ചു. പുറമേ പത്തു ഹര്‍ജിക്കാരും സുപ്രീംകോടതിയിലെത്തി. കേസില്‍ കക്ഷി ചേരണമെന്ന സുബ്രഹ്മണ്യന്‍ സ്വാമി എംപിയുടെ ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറായിട്ടില്ല.
എല്ലാ കക്ഷികളുടേയും വാദം പൂര്‍ത്തിയായ ശേഷം സ്വാമിയുടെ ഭാഗം കേള്‍ക്കാമെന്നു കോടതി വ്യക്തമാക്കി. രാംലാല ട്രസ്റ്റിന്റെ വാദമാണ് ഡിസംബര്‍ അഞ്ചിന് കേള്‍ക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ഹര്‍ജിക്കാരുടെ ഭാഗം കേള്‍ക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
















