ഇരിട്ടി:ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ഉളിക്കലില്‍ ബിവറേജസിന്റെ ചില്ലറ വില്‍പ്പനശാല തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇവിടെ ബിവറേജസിന്റെ ചില്ലറ വില്‍പ്പനശാല തുറക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ഉളിക്കലില്‍ വ്യാഴാഴ്ച പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടന്നിരുന്നു. ഇതിനെ മറികടന്ന് ജനകീയസമിതിയുടെ നേതൃത്വത്തില്‍ മദ്യവില്‍പ്പന ശാല ഉടനെ തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിനിടെയാണ് രാവിലെ 9 .30 തോടെ മദ്യവില്‍പ്പനശാല തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്.
ജനങ്ങള്‍ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആര്‍പ്പ് വിളിച്ചുമാണ് ഇതിനെ എതിരേറ്റത്. വന്‍ ജനക്കൂട്ടവും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. പ്രതിഷേധവുമായി മദ്യവര്‍ജ്ജനസമിതിയും മറ്റുചില സംഘടനകളും എത്തുമെന്ന് കരുതിയിരുന്നെങ്കിലും ആരും എത്തിയില്ല. സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്താണ് ഉളിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസിന്റെ മദ്യവില്‍പ്പനശാല അധികൃതര്‍ നിര്‍ത്തലാക്കിയത്. അന്നും ആദ്യം മദ്യവില്‍പ്പനശാല ഇവിടെ തുടങ്ങണമെന്നാവശ്യപ്പെട്ടു രംഗത്തിറങ്ങിയ ജനങ്ങള്‍ തന്നെ ഇത് പൂട്ടണമെന്നാവശ്യപ്പെട്ടും ഇവിടെ ശക്തമായ സമരം നടത്തിയിരുന്നു എന്നതും വിചിത്രമായ കാഴ്ചയായിരുന്നു. മദ്യവില്‍പ്പനശാല തുറന്നയുടനെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഉളിക്കല്‍ ടൗണില്‍ നടത്തിവന്ന ഹര്‍ത്താലും നിര്‍ത്തിവെച്ചു.
















